Skip to main content

അറിയിപ്പുകൾ

 

കൊച്ചിയിൽ നാളെ സമഗ്ര 2026 വാക്കത്തോൺ' സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ  ആഭിമുഖ്യത്തിൽ സമഗ്ര 2026 എന്ന പരിപാടിയുടെ ഭാഗമായി  വാക്കത്തോൺ സംഘടിപ്പിക്കും.ജൂലൈ 19 ഞായറാഴ്ച രാവിലെ 7.30-ന് പള്ളുരുത്തി സെൻ്ററിൽ നിന്ന് ആരംഭിച്ച് എസ്.എൻ ഓഡിറ്റോറിയം വരെയാണ് വാക്കത്തോൺ നിശ്ചയിച്ചിരിക്കുന്നത്.

 ലഹരിക്കെതിരെയുള്ള സുപ്രധാന ബോധവൽക്കരണ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായാണ്  വാക്കത്തോൺ നടക്കുന്നത്. "ഒരു ചുവട് മുന്നോട്ട്  ലഹരിയില്ലാത്ത നാളേക്ക് "  എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് പരിപാടി.

 

ഐ ടി ഐ പ്രവേശനം

കളമശ്ശേരി ഐടിഐ യിൽ ജനറൽ കാറ്റഗറിയിലുള്ള ഇൻഡക്സ് മാർക്ക് 215 വരെയുള്ള അപേക്ഷകർക്ക്
ജൂലൈ 21 ന് മെട്രിക് ട്രേഡ് അഡ്മിഷൻ നടത്തും

 

സി റെസ്ക്യൂ ഗാർഡ് താൽക്കാലിക നിയമനം: വാക്ക്-ഇൻ-ഇൻ്റർവ്യൂ ജൂലൈ 24-ന്

ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി സി റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നു. രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളും, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയവരും, 20-നും 60-നും മധ്യേ പ്രായമുള്ളവരുമായ ശാരീരിക ക്ഷമതയുള്ളവർക്കാണ് അവസരം. മുൻപ് സി റെസ്ക്യൂ ഗാർഡായി പ്രവൃത്തിപരിചയമുള്ളവർക്കും, എറണാകുളം ജില്ലയിൽ താമസിക്കുന്നവർക്കും, 2018-ലെ പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം  ജൂലൈ 24
-ന് രാവിലെ 11 മണിക്ക് എറണാകുളം വൈപ്പിൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. തുടർന്ന്  നീന്തൽ-ശാരീരികക്ഷമതാ പരിശോധനകൾ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 0484 2502768 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

അപേക്ഷാ തീയതി നീട്ടി

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻ്റെ നോർത്ത് പറവൂരിലെ സഹകരണ പരിശീലന കോളേജിൽ  എച്ച്.ഡി.സി & ബി.എം കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ ദീർഘിപ്പിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദമാണ് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് scukerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ 9447077511, 9539168626 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

 

പ്രിയദർശിനി' പദ്ധതിയും സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയും: വിദഗ്ധ സമിതി മേഖലാ തല യോഗം ചേർന്നു 

​ കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ വിവിധ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ ആദ്യ മേഖലായോഗം ചേർന്നു. 

പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ  സ്വകാര്യ ബസ് ഉടമകളുടെ വിവിധ അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 

വിദഗ്ധ സമിതി  ബസ് ഉടമകളുടെയും മറ്റ് ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായങ്ങൾ നേരിട്ട് കേട്ടു. ഇവർ സമർപ്പിച്ച നിവേദനങ്ങളും ജില്ലാ അടിസ്ഥാനത്തിലുള്ള ഫീൽഡ് വിവരങ്ങളും ശേഖരിച്ചു.

 

​യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് നിവേദനങ്ങൾ നേരിട്ടോ ഇ-മെയിൽ വഴിയോ തിരുവനന്തപുരത്തുള്ള ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ഒരാഴ്ചയ്ക്കകം നിർദ്ദേശങ്ങൾ സമർപ്പിക്കാം. 

 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ കെ. പത്മകുമാർ, അഡീഷണൽ സെക്രട്ടറി കെ എസ് വിജയശ്രീ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണറും സംസ്ഥാന ഗതാഗത അതോറിറ്റി സെക്രട്ടറിയുമായ കെ. മനോജ് കുമാർ എന്നിവർ നേരിട്ടും, നാറ്റ്പാക് പ്രതിനിധി ഓൺലൈനായും പങ്കെടുത്തു.

 

ലീഡ് ബാങ്കിൻ്റെ ഔട്ട്‌റീച്ച് പരിപാടി ജൂലൈ 20-ന്

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെയും (എസ് എൽ ബി സി ) ജില്ലാ ലീഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം' സംസ്ഥാനതല ഔട്ട്‌റീച്ച് പരിപാടി ജൂലൈ 20-ന് സംഘടിപ്പിക്കും . നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ പ്രസിഡൻസിയിൽ ഉച്ചക്ക് 2.30-ന് പ്രതിനിധികളുടെ രജിസ്ട്രേഷനോടെ പരിപാടി ആരംഭിക്കും.  

 

​ആകെ 2,65,000 കോടി രൂപയുടെ ഗ്യാരണ്ടി പരിരക്ഷയുള്ള പദ്ധതിയിലൂടെ, അർഹരായ സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കും ധനസഹായം ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.  വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി  എ.പി.എം. മുഹമ്മദ് ഹനീഷ്  യോഗത്തിന് നേതൃത്വം നൽകും.

 

 

date