സെന്‍സസ് 2027 വീടുകളിലെ വിവരശേഖരണം 90 ശതമാനം: ജില്ലാ കലക്ടര്‍
സെന്‍സസ് 2027മായി ബന്ധപ്പെട്ട രൂപീകരിച്ച ജില്ലയിലെ നിശ്ചിത എണ്ണം വീടുകളുടെ സമാഹാരമായ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളില്‍ (എച്ച് എല്‍ ബി) വിവരശേഖരണം 90 ശതമാനം പിന്നിട്ടെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. പൊതുവിവരശേഖരണപ്രക്രിയ ജില്ലയില്‍ 82.13 ശതമാനം പിന്നിട്ടെന്നും മികച്ച ഉദ്യോഗസ്ഥ ഏകോപനത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നല്‍കിയിരിക്കുന്നത് 12 ചാര്‍ജ് ഓഫീസര്‍മാര്‍ക്കാണ്. ഗ്രാമീണ-നഗരമേഖലകളിലായി 6 പേര്‍ക്ക് വീതമാണ് ചുമതല. വിവരശേഖരണ പ്രക്രിയക്കായി 717 സൂപ്പര്‍വൈസര്‍മാരെയും 4157 എന്യൂമറേറ്റര്‍മാരെയും നിയോഗിച്ചു. വിവരശേഖരണത്തിന്റെ അടിസ്ഥാന ഘടകമായ ജില്ലയിലെ വീടുകള്‍, വിവിധ കെട്ടിടങ്ങള്‍ എന്നിവ സെന്‍സസ് ഹൗസുകളാണ്. ജില്ലയില്‍ ഇത്തരത്തില്‍ 929991 സെന്‍സസ് ഹൗസുകളുണ്ട്. സുഗമമായ വിവരശേഖരണത്തിന് ജില്ലയിലെ നിശ്ചിത എണ്ണം സെന്‍സസ് ഹൗസുകളെ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളായി (എച്ച്.എല്‍.ബി) തിരിച്ചു. ഇത്തരത്തില്‍ 4661 എച്ച്.എല്‍.ബികളാണ് നിലവിലുള്ളതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്നും എന്യൂമറേറ്റര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സൂപ്പര്‍വൈസര്‍മാര്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം അംഗീകാരം നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സംശയം തോന്നുന്ന ഘട്ടങ്ങളില്‍ ഫീല്‍ഡ് പരിശോധന നടത്തി വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ ചാര്‍ജ് ഓഫീസര്‍മാര്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments