വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം -ജില്ലാ വികസന സമിതി
കോഴിക്കോട് ജില്ലയിലെ വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. പല പ്രവൃത്തികളും സാങ്കേതിക കുരുക്കുകളില്‍പെട്ട് വൈകുകയാണെന്നും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷയായി.
ചിപ്പിലിത്തോട്-വയനാട് ബദല്‍ പാത പ്രവൃത്തിയുടെ ഡി.പി.ആര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് സി.കെ കാസിം എം.എല്‍.എ ആവശ്യപ്പെട്ടു. ഡി.പി.ആര്‍ കണ്‍സല്‍ട്ടന്റിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാത അധികൃതര്‍ സ്വീകരിച്ചതായി പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുതുപ്പാടി പഞ്ചായത്തിലെ നാക്കിലമ്പാട് ആദിവാസി സങ്കേതത്തിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും എം.എല്‍.എ ആവശ്യമുയര്‍ത്തി. വിഷയം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. തുഷാരഗിരി ഡി.ടി.പി.സി സെന്റര്‍ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുക, ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുക എന്നീ ആവശ്യങ്ങളും എം.എല്‍.എ ഉന്നയിച്ചു.
നൊച്ചാട്, ചക്കിട്ടപ്പാറ, ചെമ്പനോട, ചങ്ങരോത്ത് വില്ലേജുകളിലെ പട്ടയ വിതരണ നടപടി ത്വരിതപ്പെടുത്തണമെന്ന് അഡ്വ. ഫാത്തിമ തഹ്‌ലിയ എം.എല്‍.എ ആവശ്യപ്പെട്ടു. നൊച്ചാട് വില്ലേജില്‍ 69 പേര്‍ക്ക് കൈവശരേഖ അനുവദിച്ചതായും ചക്കിട്ടപ്പാറയില്‍ 25 അപേക്ഷകരില്‍ അര്‍ഹരായ 11 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായും മറ്റു വില്ലേജുകളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജാനകിവയല്‍ പ്രദേശത്തെ കൈവശക്കാര്‍ക്ക് രേഖ നല്‍കിയതില്‍ അര്‍ഹര്‍ തഴയപ്പെട്ടത് പരിശോധിക്കുക, കടന്ദറപ്പുഴ ഗതിമാറി ഒഴുകുന്നതിനാല്‍ പുഴയോരത്തുള്ള കുടുംബങ്ങളുടെ പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക എന്നീ ആവശ്യങ്ങളും എം.എല്‍.എ ഉയര്‍ത്തി.
നടുത്തുരുത്തി കടവ് പാലം നിര്‍മാണത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് വിദ്യ ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ റോഡുകളുടെ പ്രവൃത്തികളും ചീക്കിലോട് സ്‌റ്റേഡിയം നിര്‍മാണവും കുരുവട്ടൂര്‍ ഹെല്‍ത്ത് സെന്ററിനെ സാമൂഹികാരോഗ്യ കേന്ദ്രമാക്കാനുള്ള നടപടികളും ത്വരിതഗതിയിലാക്കണമെന്നും എം.എല്‍.എ ആവശ്യമുയര്‍ത്തി.
ആവിക്കല്‍-കരിയാടി കടല്‍ഭിത്തി സംരക്ഷണത്തിന് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ നടപടി വേണമെന്ന് യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. വടകര റവന്യൂ ടവര്‍ നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കണമെന്നും എം.എല്‍.എ ആവശ്യമുയര്‍ത്തി. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കലക്ടര്‍ മറുപടി നല്‍കി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വീസ് റോഡുകളുടെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുക, വടകര ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കടലാക്രമണം രൂക്ഷമായ കാപ്പാട് പ്രദേശത്ത് പ്രതികൂല കാലാവസ്ഥ കാരണം കടല്‍ഭിത്തി നിര്‍മാണം വൈകുന്നതിനാല്‍ താല്‍ക്കാലിക പരിഹാരമായി സാന്‍ഡ് ബാഗുകള്‍ ഇറക്കി റോഡ് സംരക്ഷിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ അടിയന്തരമായി പരിഹരിക്കേണ്ടവക്ക് മുന്‍ഗണന നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. നവകേരള പ്രവൃത്തികളുടെ അവലോകനവും യോഗത്തില്‍ നടന്നു. അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ആര്‍ രത്‌നേഷ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments