Skip to main content

ലോക മുലയൂട്ടല്‍ വാരാചരണം 2026: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

 

 

ലോക മുലയൂട്ടല്‍ വാരാചരണം 2026 ജില്ലാതല ഉദ്ഘാടനം രമേഷ് പിഷാരടി എം എല്‍ എ നിര്‍വഹിച്ചു. 'മൂലയൂട്ടല്‍: ജീവിതത്തിന്റെ സുസ്ഥിരമായ തുടക്കത്തിന്' എന്നതാണ് ഈ വര്‍ഷത്തെ വാരാചരണ സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം ), ദേശീയ ആരോഗ്യ ദൗത്യവും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോണ്‍ഫറന്‍സ്  ഹാളില്‍ സംഘടിപ്പിച്ച  പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീലാ ദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ബിന്ദു തോമസ്  മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആര്‍ എം ഒ യും ഗൈനക്കോളജിസ്റ്റുമായ  ഡോ ശ്രീജ വി ചന്ദ്രന്‍ , ശിശുരോഗ വിദഗ്ധ  ഡോ. ദീപ്തി കെ പ്രഭാകരന്‍ എന്നിവര്‍ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും മുലപ്പാലിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍   ബോധവത്കരണ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. വാരാചരണത്തോടനുബന്ധിച്ച്  ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പാലക്കാട് നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ടി എസ് മീനാക്ഷി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എ കെ അനിത,  ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി റിയാസ്,  ഡോ. ഹേമ വാര്യര്‍,  ഡോ.  യു വി  അമുദ , സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. മീനു മാത്യു, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന  തുടങ്ങിയവര്‍ പങ്കെടുത്തു.

date