ഹൈസ്കൂളുകളില്‍ എറൈസ് പദ്ധതിക്ക് തുടക്കമായി
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് 'എറൈസ്' പദ്ധതിക്ക് തുടക്കം കുറിച്ചു. കൈറ്റിന്റെ നേതൃത്വത്തില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ സജ്ജമാക്കി ഹൈസ്കൂളുകളില്‍ 'എറൈസ് ഹബ്' സ്ഥാപിക്കുന്ന പദ്ധതിയുടെ മാര്‍ഗ്ഗരേഖ ഹൈസ്കൂള്‍ പ്രഥമാധ്യാപകരുടെ ഓണ്‍ലൈന്‍ ശില്പശാലയില് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന് പ്രകാശനം ചെയ്തു.
കുട്ടികളുടെ സ്വയം പഠനത്തിനായുള്ള 'ഡിജിറ്റല്‍ സ്ക്വയര്‍', അക്കാദമിക പുരോഗതിയും വിവരങ്ങളും വിലയിരുത്തുന്ന 'താരാപഥം', സ്കൂളുകളുടെ വിവരങ്ങള്‍ പങ്കുവെക്കുന്ന 'സ്കൂള്‍ വിക്കിത്തോണ്‍', 'സൈബര്‍ സുരക്ഷാ പ്രോട്ടോക്കോള്‍ 2026' എന്നീ പദ്ധതികളും സ്കൂളുകളില്‍ ഫലപ്രദമായി നടപ്പിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
മൈക്രോകണ്ട്രോളര് ബോര്‍ഡുകള്‍, സെന്‍സറുകള്‍, മോട്ടോറുകള്‍ എന്നിവയുടെ സഹായത്തോടെ കാഴ്ചപരിമിതര്‍ക്കുള്ള സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക്, ഗ്യാസ് ഡിറ്റക്ടര്‍, എ.ഐ സ്മാര്‍ട്ട് ഡോര്‍ ലോക്കുകള്‍ എന്നിവയുടെ പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതാണ് എറൈസ് പദ്ധതി. പാലക്കാട് മേഴ്സി കോളേജില്‍ നടന്ന ശില്പശാലയില് ജില്ലയിലെ 169 പ്രഥമാധ്യാപകര്‍ പങ്കെടുത്തു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് , കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments