Skip to main content

സിവിൽ സ്റ്റേഷനിലെ ഓണാഘോഷം പരിസ്ഥിതി സൗഹൃദമായി നടത്തണം: ജില്ലാ കളക്ടർ 

 

എറണാകുളം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായി നടത്തണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക  ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ ഗ്രീൻ പ്രോട്ടോകോൾ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് റൂൾസ് 2026 എന്നിവയുടെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

ഓണാഘോഷ പരിപാടികളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ പൂർണ്ണമായും ഒഴിവാക്കണം. പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, സ്ട്രോകൾ, 500 മില്ലിയിൽ താഴെയുള്ള കുപ്പിവെള്ളം, ഫ്ലെക്സ് ബാനറുകൾ, പി വി സി അലങ്കാരങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്.
 ഭക്ഷണ വിതരണത്തിന് ഡിസ്‌പോസിബിൾ പാത്രങ്ങൾക്ക് പകരം വാഴയില, സ്റ്റീൽ പാത്രങ്ങൾ അല്ലെങ്കിൽ പുനരുപയോഗിക്കാൻ കഴിയുന്ന മറ്റ് സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണാവശിഷ്ടങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് ശേഖരിച്ച് അനുയോജ്യമായ സംവിധാനങ്ങൾ വഴി സംസ്കരിച്ച്  കൈമാറണം.
 അലങ്കാരങ്ങൾക്കായി പൂക്കൾ, ഇലകൾ, തുണി തുടങ്ങിയ പ്രകൃതിദത്തവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ മാത്രം  ഉപയോഗിക്കുക. പേപ്പർ ഉപയോഗം പരമാവധി കുറച്ച്, ഡിജിറ്റൽ ക്ഷണക്കത്തുകളും അറിയിപ്പുകളും പ്രോത്സാഹിപ്പിക്കണം.
 
ആഘോഷങ്ങൾ അവസാനിച്ച ഉടൻ ആഘോഷവേദിയും പരിസരവും പൂർണ്ണമായും ശുചീകരിച്ച് മാലിന്യമുക്തമാക്കണം.
ഗ്രീൻ പ്രോട്ടോകോൾ പാലനം ഉറപ്പാക്കാനും ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും അതത് ഓഫീസ് മേധാവികൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഓഫീസ് തലത്തിൽ കൃത്യമായ മേൽനോട്ടം വഹിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

date