Skip to main content
..

ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം  വിഷ്ണു മോഹൻ എം എൽ എ  നിർവഹിച്ചു

 ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം    വിഷ്ണു മോഹൻ എം എൽ എ പാലത്തറ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു.   കൗൺസിലർ ഡെസ്റ്റിമോണ ആർ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. 

നേത്രദാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികളും നേത്രപരിശോധനാ ക്യാമ്പുകളും സംഘടിപ്പിച്ചു. 

“കണ്ണുകൾ ദാനം ചെയ്യാം.. കാഴ്ചയുടെ വെളിച്ചം പകരാം.. ജീവിതങ്ങൾക്ക് പ്രകാശമേകാം"എന്ന സന്ദേശവുമായി മരണാനന്തരം നേത്രദാനത്തിന് കൂടുതൽ പേരെ സന്നദ്ധരാക്കുന്നതിനായി ബോധവത്ക്കരണറാലി, ജില്ലാ ആശുപത്രിയിലെ ഒപ്റ്റോമെട്രിസ്റ്റ് പരിശീലനാർഥികളുടെ ഫ്ലാഷ് മോബ്, കൊട്ടിയം ഹോളി ക്രോസ് നഴ്സിങ് കോളജ് വിദ്യാർഥികളുടെ മൈയിം എന്നിവ അവതരിപ്പിച്ചു.

മരണാനന്തരം നേത്രദാനം ചെയ്ത   കോർപറേഷൻ ആരോഗ്യ-കായിക സ്ഥിരം സമിതി ചെയർമാൻ ബി അജിത് കുമാറിന്റെ സഹോദരി അജിത അജിത്തിനെ വേദിയിൽ ആദരിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീജ എ എൽ മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഗസ്റ്റസ് മോറിസ് എ വിഷയാവതരണവും നടത്തി. ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെ പ്രോഗ്രാം ഓഫീസർ ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെറിയ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഒഫ്താൽമിക് സർജൻ ഡോ. വിജയശ്രീ ഐ നേത്രദാന സമ്മതപത്രങ്ങൾ സ്വീകരിച്ചു.

 കൗൺസിലർ പി രാജേന്ദ്രൻ പിള്ള, ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ. ജി നടാഷ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീകുമാർ എസ്, ഡോ. രമ്യ, ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ അജിത കെ., ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഷാലിമ ടി, എച് എം സി അംഗങ്ങളായ രാജീവ്‌ പാലത്തറ, മുഹമ്മദ്‌ കുഞ്ഞ്, മുൻ കൗൺസിലർ ബിന്ദു, എം സി എച്ച് ഓഫീസർ ലതാമേരി, ഹെൽത്ത് സൂപ്പർവൈസർ ഷീബ ബി നായർ, ബി സി സി കൺസൾട്ടന്റ് അശ്വനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ജില്ലാ ആശുപത്രിയിലെ മൊബൈൽ ഓഫ്താൽമിക് വിഭാഗം നേത്രരോഗ വിദഗ്ധ ഡോ. ലിഷ ജെ ദാസിന്റെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാറും നടന്നു.

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം സെപ്റ്റംബർ 27ന് കുളത്തൂപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date