കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും -മുഖ്യമന്ത്രി
ലൈറ്റ് മെട്രോ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കും
മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഫ്യൂച്ചര്‍ കാലിക്കറ്റ് 360' വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട്ടെ തുറമുഖങ്ങളെല്ലാം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ്, കണ്ടെയ്‌നര്‍ ഫെലിസിറ്റേഷന്‍ സെന്റര്‍, ട്രാന്‍ഷിപ്പ്‌മെന്റ് ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ തുറമുഖങ്ങളോടനുബന്ധിച്ച് ആരംഭിക്കും. തുറമുഖങ്ങളുടെ വികസനം നഗരത്തിന്റെ കൂടി വികസനമാക്കി മാറ്റും. സ്ഥലം ലഭ്യമായാല്‍ കോഴിക്കോട്ട് ക്രൂയിസ് ടെര്‍മിനലും യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയാകുന്ന മുറക്ക് കാലതാമസമില്ലാതെ പദ്ധതി നടപ്പാക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഏവിയേഷന്‍ ഹബുകളില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിന് പ്രാധാന്യമുണ്ടാകും. കോഴിക്കോട് നഗരത്തില്‍നിന്ന് എയര്‍പോര്‍ട്ടിലെത്താന്‍ പുതിയ സംവിധാനമൊരുക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് ഒരുക്കുന്ന കള്‍ച്ചറല്‍ പാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കും. തിയറ്ററുകള്‍, ആര്‍ട്ട് എക്‌സിബിഷന്‍ ഗ്യാലറികള്‍, തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയവ ഇതോടനുബന്ധിച്ചുണ്ടാകും. കോഴിക്കോടിന്റെ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഇത് മാറും. കള്‍ച്ചറല്‍ പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കിനെയും എറണാകുളത്തെ ഇന്‍ഫോ പാര്‍ക്കിനെയും വെല്ലുന്ന സൈബര്‍ പാര്‍ക്ക് കോഴിക്കോട്ട് യാഥാര്‍ഥ്യമാക്കും. ലോകത്തെ പ്രധാന സര്‍വകലാശാലകളുടെ കാമ്പസ് ഉള്‍ക്കൊള്ളുന്ന നോളജ് വാലി പദ്ധതിക്ക് സ്ഥലം ലഭ്യമായാല്‍ കോഴിക്കോടിനെയും പരിഗണിക്കും. മാങ്കാവ് പാലം ഉള്‍പ്പെടെയുള്ള പാലങ്ങളുടെ വികസനത്തിന് മുന്‍ഗണനയുണ്ടാകും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് എന്‍.ഐ.ടിയുടെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തും. കോഴിക്കോടിനെ കുറിച്ചുള്ള ജനങ്ങളുടെ സ്വപ്‌നങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ അഡ്വ. ഫൈസല്‍ ബാബു, അഡ്വ. കെ ജയന്ത്, അഡ്വ. കെ പ്രവീണ്‍ കുമാര്‍, മുന്‍ മന്ത്രി എം.കെ മുനീര്‍, നടന്‍ ജോയ് മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു. 'റീ ഇമേജിങ് കാലിക്കറ്റ്: എ വിഷന്‍ ഫോര്‍ ടുമോറോ' എന്ന സെഷന്റെ ഉദ്ഘാടനം വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ, അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോടിന്റെ വികസനത്തിലേക്കുള്ള പുതുചുവടുവെപ്പായി 'ഫ്യൂച്ചര്‍ കാലിക്കറ്റ് 360' വികസന കോണ്‍ക്ലേവ്
കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഫ്യൂച്ചര്‍ കാലിക്കറ്റ് 360' വികസന കോണ്‍ക്ലേവ് നഗരവികസനത്തിലേക്കുള്ള പുതിയ ചുവടുവെപ്പായി. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസവും ആരോഗ്യവും, സമ്പദ് വ്യവസ്ഥയും വ്യവസായവും, ഐ.ടിയും ഭാവി സാങ്കേതികവിദ്യയും, ടൂറിസവും സംസ്‌കാരവും, കാര്‍ഷിക-സാമൂഹിക പുരോഗതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചയും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖയൊരുക്കലും കോണ്‍ക്ലേവില്‍ നടന്നു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കല്‍, ആധുനിക നഗരാസൂത്രണം, ശാസ്ത്രീയ അഴുക്കുചാല്‍ സംവിധാനങ്ങള്‍ എന്നിവയും സമ്പദ് വ്യവസ്ഥയും വ്യവസായവും മേഖലയില്‍ പ്രാദേശിക സംരംഭകത്വം, തൊഴിലവസരങ്ങള്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ (MSME) പ്രോത്സാഹനം എന്നിവയും ടൂറിസവും സംസ്‌കാരവും മേഖലയില്‍ കോഴിക്കോടിന്റെ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തല്‍, മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനങ്ങള്‍, പുതിയ കാലഘട്ടത്തിനനുയോജ്യമായ വിവര സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം, കര്‍ഷകര്‍ക്കും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമെല്ലാം പ്രയോജനപ്പെടുന്ന വികസന മാതൃകകള്‍ എന്നിവയും കോണ്‍ക്ലേവില്‍ ചര്‍ച്ചയായി.
കോഴിക്കോടിന്റെ ചരിത്രവും പാരമ്പര്യവും ഭൂമിശാസ്ത്രവും സാംസ്‌കാരികത്തനിമയും സാഹിത്യവും കലയും സംഗീതവും രുചിവൈവിധ്യങ്ങളുമെല്ലാം കോര്‍ത്തിണക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കോണ്‍ക്ലേവ് മുന്നോട്ടുവെച്ചത്. സ്ത്രീകളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനത്തിനും കമ്യൂണിറ്റി കിച്ചണിനുമുള്ള പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
- Log in to post comments