Skip to main content

'മീഡിയേഷൻ ഫോർ നേഷൻ 3.0' പ്രചാരണ പരിപാടി ആരംഭിക്കുന്നു

*തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ നടപടി

തർക്കങ്ങൾ മധ്യസ്ഥതയിലൂടെ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി  'മീഡിയേഷൻ ഫോർ നേഷൻ 3.0' പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. സുപ്രീം കോടതിയുടെ മീഡിയേഷൻ & കോൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റി (MCPC) യുടെ മാർഗനിർദേശത്തിലാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 30 വരെയാണ് കേസുകൾ കണ്ടെത്തുന്നതിനും മധ്യസ്ഥതയ്ക്കായി പരിഗണിക്കുന്നതിനുമുള്ള ഘട്ടം. ഈ കാലയളവിൽ ഒത്തുതീർപ്പിന് സാധ്യതയുള്ള നിലനിൽക്കുന്ന കേസുകൾ കണ്ടെത്തുകയും, അനുയോജ്യമായ കേസുകൾ പരിശോധിച്ച് മധ്യസ്ഥതാ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുകയും, മധ്യസ്ഥതാ നടപടിക്രമത്തെക്കുറിച്ച് കക്ഷികളെ അറിയിക്കുകയും ചെയ്യും. മധ്യസ്ഥതാ പ്രചാരണ പരിപാടി ഒക്ടോബർ 1 മുതൽ ആരംഭിച്ച് ഡിസംബർ 31 വരെ തുടരും.

വിവാഹ സംബന്ധമായ തർക്കങ്ങൾ, അപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, ഒത്തുതീർപ്പിന് നിയമപരമായി സാധ്യമായ ക്രിമിനൽ കേസുകൾ, ഉപഭോക്തൃ തർക്കങ്ങൾ, കടം വീണ്ടെടുക്കൽ/സർഫാസി കേസുകൾ, എക്സിക്യൂഷൻ നടപടികൾ, ആർബിട്രേഷൻ, വാണിജ്യ തർക്കങ്ങൾ, സർവീസ് കേസുകൾ, ഭാഗപത്ര കേസുകൾ, ഒഴിപ്പിക്കൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, തൊഴിൽ സംബന്ധമായ കേസുകൾ, കൂടാതെ ഒത്തുതീർപ്പിന് സാധ്യതയുള്ള മറ്റ് അനുയോജ്യമായ സിവിൽ കേസുകൾ എന്നിവയും ഈ പ്രചാരണ പരിപാടിയിൽ പരിഗണിക്കും.

പി.എൻ.എക്‌സ്. 3495/2026

date