റെഡ് റിബൺ ക്വിസ്: ജ്യോതിലക്ഷ്മിയും മുകിലും ജേതാക്കൾ
അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് എച്ച്.ഐ.വി. എയിഡ്സ് ബോധവത്ക്കരണം ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല റെഡ് റിബൺ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. അമ്പലപ്പുഴ ഗവ. മോഡൽ ഹയർസെക്കണ്ടറി സ്കൂളിലെ ജ്യോതിലക്ഷ്മി ശ്രീകുമാറും മുകിൽ സാജനും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി. മുഹമ്മ മദർ തെരേസ ഹൈസ്‌ക്കൂളിലെ അദ്വൈത് സുരേഷ്, നന്ദഗോപൻ ആർ ജി എന്നിവർ രണ്ടാം സ്ഥാനവും ഹരിപ്പാട് പൊത്തപ്പള്ളി കെ.കെ.കെ.വി.എം.എച്ച്.എസ്.എസിലെ അഭിനവ് പി.ജി, നന്ദകിഷോർ വി എന്നിവർ മൂന്നാം സ്ഥാനവും നേടി. 8,9, വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്വിസ് മത്സരത്തിൽ ജില്ലയിലെ 95 സ്കൂളുകളിൽ നിന്നായി 190 വിദ്യാർത്ഥികൾ പങ്കെടുത്തു. സർക്കാർ ടി ഡി മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി കോൺഫറൻസ് ഹാളിൽ ഇലക്ട്രോണിക് ബസർ ഉപയോഗിച്ചു നടത്തിയ മത്സരത്തിന്റെ ഫൈനൽ റൗണ്ട് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. 8,9,11 ക്ലാസ്സുകളിലെ വിദ്യാത്ഥികളായിരുന്നു മത്സരാത്ഥികൾ. ജില്ല എയിഡ്സ് കൺട്രോൾ ഓഫീസർ ഡോ. വി എസ് വിൻസി, ആലപ്പുഴ എസ് ഡി കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ് ലക്ഷ്മി, ജില്ല ലാബ് ഓഫീസർ കെ ജയ, ആരോഗ്യ കേരളം കൺ സൾട്ടന്റ് ആഗ്നൽ ജോസഫ് എന്നിവർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. പ്രോജക്ട് മാനേജർ ബി അനഘ എയിഡ്സ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ സേതുനാഥാണ് മത്സരം നിയന്ത്രിച്ചത്.
- Log in to post comments