ലോക നാളികേര ദിനാചരണം: ജില്ലാതല പരിപാടി സംഘടിപ്പിച്ചു
പുന്നത്തുറ: ലോക നാളികേര ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാർഷിക ബോധവത്കരണവും പുന്നത്തുറ സെന്റ്് ജോസഫ് എൽ.പി. സ്‌കൂളിൽ നടന്നു. കൃഷി വകുപ്പിന്റെ അഭിമുഖ്യത്തിലുള്ള പരിപാടി അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം അധ്യക്ഷത വഹിച്ചു. വിദ്യാർഥികളിൽ തെങ്ങുകൃഷിയോടും കാർഷിക സംസ്‌കാരത്തോടും ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ തെങ്ങിൻതൈ നട്ടു. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും തെങ്ങിൻതൈകൾ വിതരണം ചെയ്തു. വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും നടത്തി. അയർക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോയി കൊറ്റത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആലീസ് രാജു, ലാൽസി പി. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി, കൃഷി ഓഫീസർ മനുകൃഷ്ണൻ, പ്രഥമാധ്യാപിക കുഞ്ഞുമോൾ ആൻറണി ചക്യാത്ത് എന്നിവർ പ്രസംഗിച്ചു.
- Log in to post comments