Skip to main content

24 വിദ്യാലയങ്ങളി-ല്‍ പരിശോധന സെപ്റ്റംബര്‍ 30-നകം നടപടികള്‍ പൂര്‍ത്തിയാക്കും

 

 

കുട്ടികളുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്കും പോഷകസമ്യദ്ധമായ ഭക്ഷണം എന്ന അവകാശം ഉറപ്പാക്കുന്നതിനുമായി നടപ്പാക്കിവരുന്ന പിഎം പോഷണ്‍ പദ്ധതിയുടെ സുതാര്യതയും കാര്യക്ഷമതയും വിലയിരുത്തുന്നതിനുള്ള സോഷ്യല്‍ ഓഡിറ്റിന് ജില്ലയില്‍ തുടക്കം. നാല് ഉപജില്ലകളിലായി 24 വിദ്യാലയങ്ങളിലാണ് ആദ്യഘട്ട സോഷ്യല്‍ ഓഡിറ്റ് നടക്കുന്നത്. പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഫലങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നുണ്ടോ, നടത്തിപ്പിലെ പോരായ്മകള്‍, പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ജനപങ്കാളിത്തത്തോടെ കണ്ടെത്തുകയാണ് ലക്ഷ്യം. 

 

കൊട്ടാരക്കര കിലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുത്ത ആറ് ഫാക്കല്‍റ്റികളാണ് കോഴിക്കോട് ജില്ലയിലെ സോഷ്യല്‍ ഓഡിറ്റിന് നേതൃത്വം നല്‍കുന്നത്. ഓഡിറ്റിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും എന്‍ട്രി മീറ്റിംഗ് പൂര്‍ത്തിയായി. ഇതോടൊപ്പം രണ്ട് ഉപജില്ലകളിലെ സ്‌കൂള്‍ സഭകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

 

സോഷ്യല്‍ ഓഡിറ്റിലൂടെ കണ്ടെത്തുന്ന ന്യൂനതകളും നിര്‍ദ്ദേശങ്ങളും പരിഹാരത്തിന്റെ വഴിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉപജില്ലാതലത്തില്‍ പൊതുസഭകള്‍ സംഘടിപ്പിക്കും. ബന്ധപ്പെട്ടവരുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ജില്ലയില്‍ സോഷ്യല്‍ ഓഡിറ്റുമായി ബന്ധപ്പെട്ട ജനസഭ ഉള്‍പ്പെടെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും സെപ്തംബര്‍ 30-നകം പൂര്‍ത്തിയാക്കി ഒക്ടോബര്‍ നാലിന് റിപ്പോര്‍ട്ട് കിലയ്ക്ക് സമര്‍പ്പിക്കുമെന്ന് കില കോഴിക്കോട് ജില്ലാ ഫെസിലിറ്റേറ്റര്‍ അറിയിച്ചു.

 

date