ആറളത്തെ ആനമതില്‍ നിര്‍മാണ പുരോഗതി ജില്ലാ കലക്ടര്‍ വിലയിരുത്തി
ഡിസംബര്‍ 31നകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
ആറളം പുനരധിവാസ പദ്ധതി- അവലോകന യോഗം ചേര്‍ന്നു
ആറളത്ത് നിര്‍മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗതി ജില്ലാകലക്ടര്‍ പി വിഷ്ണുരാജ് വിലയിരുത്തി. ആറളം ഫാം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മതില്‍നിര്‍മാണം നടക്കുന്ന ബ്ലോക്ക് 10ലെ പുളിമരം തട്ടില്‍ ജില്ലാ കലക്ടറും സംഘവും എത്തിയത്. ആനമതില്‍ നിര്‍മിക്കുന്ന ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇതിനകം ആറ് കിലോമീറ്ററോളം നിര്‍മാണം പൂര്‍ത്തിയാക്കിയതായും ബാക്കിയുള്ള 3 കിലോമീറ്ററില്‍ പ്രവൃത്തി പുരോഗമിക്കുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി പ്രവൃത്തിയുടെ വേഗത വര്‍ധിപ്പിക്കണം. ആനമതിലിനോട് ചേര്‍ന്ന് വരുന്ന ജണ്ടകള്‍ മാറ്റുന്നതിനുള്ള നടപടികളും പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. ഇവിടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആര്‍ആര്‍ടിയുടെ നിരീക്ഷണം ശക്തമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആറളം മേഖലയിലെ സോളാര്‍ ഫെന്‍സിംഗിലേക്കുള്ള വൈദ്യുതി വിതരണത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് അനെര്‍ട്ട് അധികൃതരെ ചുമതലപ്പെടുത്തി.
ആറളം ഫാമിംഗ് കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന ആറളം ഫാം, പുനരധിവാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷമായിരുന്നു ജില്ലാ കലക്ടര്‍ ആനമതില്‍ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് ജലജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മേഖലയിലെ കിണറുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
ടിആര്‍ഡിഎമ്മിന്റെ ഉടമസ്ഥതയിലുള്ള 7.5 സെന്റ് ഭൂമിയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിന് നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഐടിഡിപി ഓഫീസര്‍ നടപടി സ്വീകരിക്കണം. ബ്ലോക്ക് 9ലെ പൂക്കുണ്ടില്‍ പൊതുകിണര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപജീവന മാര്‍ഗം ഉറപ്പുവരുത്തുന്നതിനായി കൃഷി വകുപ്പ് സമര്‍പ്പിച്ച പദ്ധതി വേഗത്തിലാക്കണം. ഇതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീക്കും നിര്‍ദ്ദേശം നല്‍കി. മേഖലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ടിഒ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അപര്യാപ്തമായതിനാല്‍ കെഎസ്ആര്‍ടിസി, ഐടിഡിപി, പ്രദേശവാസികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് സമഗ്ര പദ്ധതി തയ്യാറാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ആറളം പുനരധിവാസ മേഖലയിലെ വോട്ടര്‍ ഐഡി കാര്‍ഡോ, ജനന സര്‍ട്ടിഫിക്കറ്റോ ഉള്ള കുട്ടികളുള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഐടി മിഷനോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, ഡിഎഫ്ഒ കെ സജി, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി ശോഭ, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ് എസ് സുധീര്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ മൃദുല, ആറളം സൈറ്റ് മാനേജര്‍ ടി ഷൈജു, ആറളം ഫാമിംഗ് കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിധീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണന്‍, ആറളം ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി രതീശന്‍, റെയിഞ്ച് ഓഫീസര്‍മാരായ ടി നിതിന്‍രാജ്, രമ്യരാഘവന്‍, വിവിധ വകുപ്പ് തലവന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വളയഞ്ചാലില്‍ നടക്കുന്ന ആപ്ത മിത്ര വളണ്ടിയര്‍ ട്രെയിനിംഗ് സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സന്നദ്ധ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് എസ്ടി പ്രൊമോട്ടര്‍മാരുമായി ജില്ലാ കലക്ടര്‍ സംസാരിക്കുയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ടിആര്‍ഡിഎം സൈറ്റ് മാനേജറുടെ ഓഫീസും ഡിടിപിസി ഗസ്റ്റ്ഹൗസും സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ മടങ്ങിയത്.
- Log in to post comments