Skip to main content

 ‘ഭൂമി’ വെബ് പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വയനാട് ജില്ലയെ കാർബൺ ന്യൂട്രലിൽ നിന്ന് കാലാവസ്ഥാ അനുകൂല നിലയിലേക്ക് കൊണ്ടുവന്ന് സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് രൂപകല്പന ചെയ്ത ഭൂമി’ പദ്ധതിയുടെ വെബ് പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി വി. ഡി സതീശൻ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി. സിദ്ദിഖിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമായി വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ മാർഗനിർദേശത്തോടെ രൂപംകൊണ്ട ജില്ലാ വികസന പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഭൂമി’ പദ്ധതി പ്രവർത്തനം ആരംഭിക്കുന്നത്.

വയനാട്ടിലെ വികസന പ്രവർത്തനങ്ങളിൽ വിവിധ മേഖലകളെ ഏകോപിപ്പിക്കുന്ന സഹകരണ സംവിധാനത്തിന് രൂപം നൽകുന്നതിലെ സുപ്രധാന ചുവടുവയ്പാണ് ഭൂമി പദ്ധതി. സർക്കാർ വകുപ്പുകൾ, സിഎസ്ആർ പങ്കാളികൾ, കോർപ്പറേറ്റുകൾ, സന്നദ്ധ സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വിദഗ്ധർ, പ്രാദേശിക സമൂഹങ്ങൾ എന്നിവയെ ഏകോപിപ്പിക്കുന്നതാണ് ‘ഭൂമി’ യുടെ പ്രധാന ലക്ഷ്യം. വികസന പദ്ധതികൾ കണ്ടെത്തുന്നതും ആവശ്യമായ ധനസഹായം ഉറപ്പാക്കുന്നതും മുതൽ പദ്ധതികളുടെ നിർവഹണവും പ്രവർത്തന പുരോഗതിയും ഏകോപിപ്പിക്കുന്നതിന് പ്ലാറ്റ്‌ഫോം സഹായിക്കും. കൃഷി, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആദിവാസിസാമൂഹിക വികസനം, കാലാവസ്ഥാ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര ടൂറിസം, സാങ്കേതികവിദ്യ, സംരംഭകത്വം, സ്ത്രീ-യുവജന ശാക്തീകരണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾക്ക് പ്ലാറ്റ്‌ഫോം മുൻഗണന നൽകും. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

പി.എൻ.എക്‌സ്. 3805/2026

date