വിദ്യാലയങ്ങളിൽ നിന്ന് കാർഷിക കേരളത്തിലേക്ക്; 500 സ്‌കൂളുകളിൽ 'കതിര്' കാർഷിക ക്ലബ്ബുകൾ
*അടുത്ത അധ്യയന വർഷം മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും; കൃഷിയറിവും കാർഷിക സംസ്‌കാരവും പുതുതലമുറയിലേക്ക്
കാർഷിക മേഖലയിൽ നിന്ന് പുതുതലമുറ അകന്നുപോകുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കുകയും കൃഷിയറിവും കാർഷിക സംസ്‌കാരവും വളർത്തുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'കതിര്' കാർഷിക ക്ലബ് പദ്ധതി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 സ്‌കൂളുകളിൽ നടപ്പാക്കും. അടുത്ത അധ്യയന വർഷം പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
കൃഷിയെ പാഠപുസ്തകത്തിലെ അറിവിൽ മാത്രം ഒതുക്കാതെ വിദ്യാർഥികളുടെ ജീവിതാനുഭവത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ണ്, കൃഷി, ഭക്ഷണം, പ്രകൃതി, കർഷകൻ എന്നിവ തമ്മിലുള്ള ബന്ധം അടുത്തറിയുന്നതിനും ശാസ്ത്രീയ കൃഷിരീതികളും കാർഷിക സാങ്കേതികവിദ്യകളും പരിചയപ്പെടുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുക്കും. പ്രായോഗിക കാർഷിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കും.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ സംയുക്ത യോഗം ചേർന്നു. ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ തുടർനടപടികൾ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളിലായി നടത്തിയ കൂടിയാലോചനകളുടെ തുടർച്ചയായാണ് സംയുക്ത യോഗം ചേർന്നത്.
ആദ്യഘട്ടത്തിലേക്കുള്ള 500 സ്‌കൂളുകളുടെ തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് തുടർനടപടികൾ ഏകോപിപ്പിക്കുന്നത്. തുടർഘട്ടങ്ങളിൽ സ്‌കൂളുകളുടെ സന്നദ്ധതയും താൽപര്യവും ഉറപ്പാക്കുന്ന വ്യക്തമായ നടപടിക്രമം രൂപീകരിക്കും.
ഓരോ സ്‌കൂളിലും പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോഡൽ അധ്യാപകനെ ചുമതലപ്പെടുത്തും. ആവശ്യമായ പിന്തുണ നൽകുന്നതിനായി ബാക്കപ്പ് ടീമും രൂപീകരിക്കും. ഓരോ കാർഷിക ക്ലബ്ബിനും പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10,000 രൂപ വീതം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.
സ്‌കൂൾ ക്യാമ്പസിലോ ലഭ്യമായ മറ്റ് സ്ഥലങ്ങളിലോ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിത്തിടൽ, തൈ പരിപാലനം, പച്ചക്കറി കൃഷി, ഫലവൃക്ഷ പരിപാലനം, ജലസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് നടപ്പാക്കും. കൃഷിവകുപ്പ് ആവശ്യമായ സാങ്കേതിക മാർഗനിർദേശവും പിന്തുണയും നൽകും.
കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കുന്നതിനാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും. ആവശ്യാനുസരണം ജില്ലാതലത്തിലും സ്‌കൂൾതലത്തിലും ഏകോപന സംവിധാനങ്ങൾ ഏർപ്പെടുത്തും.
പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി അധ്യാപകർക്കും കൃഷിവകുപ്പ് ജീവനക്കാർക്കും പരിശീലനം നൽകും. തിരഞ്ഞെടുത്ത അധ്യാപകർക്കായി ഒക്ടോബർ 8, 9 തീയതികളിലായി കൃഷിവകുപ്പിന്റെ പരിശീലന കേന്ദ്രമായ സമേതിയിൽ പരിശീലനം സംഘടിപ്പിക്കും, കൃഷി മന്ത്രി പറഞ്ഞു.
'കതിര്' പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത സ്‌കൂളുകളിൽ മണ്ണ് പരിശോധന ഒക്ടോബർ 10 ന് മുൻപ് പൂർത്തിയാക്കും. സംസ്ഥാനതല നിലമൊരുക്കൽ ഉദ്ഘാടനം ഒക്ടോബർ 16-ലെ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടത്തുന്നതിനുള്ള സാധ്യത പരിഗണിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 3843/2026
- Log in to post comments