കായംകുളം പൊലീസ് ക്വാർട്ടേഴ്സിൽ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വികസനം ഉറപ്പുവരുത്തും കൃഷ്ണപുരം പൊലീസ് സ്റ്റേഷനുള്ള ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി മന്ത്രി എം ലിജു.
കായംകുളം: സംസ്ഥാന ബജറ്റിൽ അനുവദിച്ച കൃഷ്ണപുരം പൊലീസ് സ്റ്റേഷന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. അജന്ത ജംഗ്ഷന് സമീപമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനാണ് മന്ത്രി നിർദേശിച്ചത്. കായംകുളം നഗരത്തിൽ പൊലീസ് ക്വാർട്ടേഴ്സിനോട് ചേർന്ന് പൊതുജനങ്ങൾക്ക് ആവശ്യമായ വികസന പ്രവൃത്തികൾ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷ്ണപുരം പൊലീസ് സ്റ്റേഷന് വേണ്ടിയുള്ള ഭൂമിയും പൊലീസ് ക്വാർട്ടേഴ്‌സും ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി എം ലിജു സന്ദർശിച്ചു.
പൊതുജനങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിൽ പൊലീസ് ക്വാർട്ടേഴ്‌സിൽ വെൽനസ് ട്രെയിനിങ് സെന്ററും ഫിറ്റ്നസ് സെന്ററും ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഒന്നര ഏക്കറിന് മുകളിലുള്ള ക്വാർട്ടേഴ്‌സ് പരിസരത്തെ കാടും പാഴ്‌വളർച്ചകളും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. അപകടകരമാം വിധം പ്രദേശത്ത് നിലകൊള്ളുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ദുരന്ത നിവാരണ വകുപ്പിന് കത്ത് നൽകാനും പ്രദേശത്തുള്ള പഴയ വാഹനങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ട അധികൃതരോട് മന്ത്രി നിർദേശിച്ചു.
നേരത്തെ, കായംകുളം എം.എൽ.എ കൂടിയായ മന്ത്രി എം ലിജുവിന്റെ ഇടപെടലിലാണ് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ കൃഷ്ണപുരം പൊലീസ് സ്റ്റേഷനായി മൂന്നുകോടി രൂപ വകയിരുത്തിയത്.
- Log in to post comments