Skip to main content

കൃഷിവകുപ്പ് 100 ദിന കര്‍മ്മപരിപാടി: വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 6ന്

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 6ന് രാവിലെ 10ന് ആലത്തൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും. ഫാമിലെ ഹൈടെക് നെല്‍വിത്ത് ഗോഡൗണിന്റെ നിര്‍മാണ പൂര്‍ത്തീകരണം, കതിര്‍ പോര്‍ട്ടലില്‍ നെല്‍പാടങ്ങളുടെ ജി.ഐ.എസ്. മാപ്പിംഗ് ഉദ്ഘാടനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി ബ്ലോക്ക് തല കര്‍ഷകമേളയും ഇതോടൊപ്പം നടക്കും.

രാഷ്ട്രീയ കൃഷി വികാസ് യോജന വഴി 75 ലക്ഷം രൂപ ചെലവഴിച്ചാണ് 100 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ഹൈടെക് നെല്‍വിത്ത് ഗോഡൗണ്‍ നിര്‍മിച്ചത്. സ്‌ട്രെസ്-ലെസ് റൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കിയ ഗോഡൗണില്‍ ഫൗണ്ടേഷന്‍- രണ്ട് ഇനത്തില്‍പ്പെട്ട ഉമ നെല്‍വിത്ത് സുരക്ഷിതമായി സംഭരിക്കാം. കൂടാതെ, പോളിഹൗസ്, മഴമറ, മിസ്റ്റ് ചേംബര്‍, മെഷിനറി യാര്‍ഡ്, സംരക്ഷണഭിത്തി, കനാല്‍ നവീകരണം എന്നിവയ്ക്കായി 85.56 ലക്ഷം രൂപയുടെ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി. കതിര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കാര്‍ഷിക ഭൂവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി 49 ലക്ഷം രൂപ ചെലവിലാണ് ഏഴ് ജില്ലകളിലെ പാടശേഖരങ്ങളുടെ ജി.ഐ.എസ്. മാപ്പിംഗ് പൂര്‍ത്തിയാക്കിയത്. കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കതിര്‍ പോര്‍ട്ടലില്‍ നെല്‍പാടങ്ങളുടെ ജി.ഐ.എസ്. മാപ്പിംഗ് ഉദ്ഘാടനം മന്ത്രി കെ എ തുളസിയും കിസാന്‍ മേള ഉദ്ഘാടനം കെ രാധാകൃഷ്ണന്‍ എം.പിയും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു മുഖ്യാഥിതിയാകും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കണ്ണന്‍ കിസാന്‍ മേള സന്ദേശം നല്‍കും. സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയര്‍ ആര്‍ ജയരാജന്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ (ഫാംസ്) പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരംസമിതി അധ്യക്ഷര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. അറുമുഖപ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
 

date