Skip to main content

കേരള ലളിതകലാ അക്കാദമിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കർമ്മപദ്ധതി* *പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ചേർന്നു*

 കേരള ലളിതകലാ അക്കാദമിയെ ലോകോത്തര നിലവാരമുള്ള സാംസ്‌കാരിക സ്ഥാപനമാക്കി ഉയർത്തുന്നതിന് ആവശ്യമായ കർമ്മ പദ്ധതികൾക്ക് രൂപം നൽകാൻ അക്കാദമി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. അക്കാദമി ചെയർപേഴ്‌സൺ പ്രൊഫ. പ്രകാശ് മൂർത്തിയുടെ അധ്യക്ഷതയിൽ തൃശൂർ ആസ്ഥാന മന്ദിരത്തിൽ ചേർന്ന പ്രഥമ യോഗത്തിലാണ് സമഗ്രമായ പുതിയ പദ്ധതികൾക്ക് രൂപം നൽകിയത്.

മഹാത്മാഗാന്ധി സന്ദർശിച്ച കേരളത്തിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചിത്ര-ശിൽപ, ഡിജിറ്റൽ മീഡിയ ക്യാമ്പുകൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ചിത്രകലാ രംഗത്തെ മൺമറഞ്ഞ മാസ്റ്റേഴ്‌സിന്റെ ലോകോത്തര കലാസൃഷ്ടികൾ ദേശീയ-അന്തർദേശീയ തലത്തിൽ പ്രദർശിപ്പിക്കുന്ന 'ആർട്ട് എക്‌സ്‌ചേഞ്ച്' പ്രോഗ്രാമുകൾക്ക് തുടക്കമിടും. പുതിയ കാലത്തിന്റെ സാധ്യതകൾക്കും ആവശ്യകതകൾക്കും അനുരൂപമായ കലാസൃഷ്ടികൾ നടത്തുന്നതിന് കണ്ണൂരിലെ കലാഗ്രാമത്തിലും കിളിമാനൂരിലെ രാജാ രവിവർമ്മ സ്മാരകത്തിലും ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കും.

അക്കാദമി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര സഹായം ആവശ്യപ്പെടാനും അക്കാദമിക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന് വിശദമായ പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി.

അക്കാദമി ഗ്യാലറികൾ കലാപ്രവർത്തനങ്ങളാൽ സജീവമാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ 2026 ഒക്ടോബർ 13-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ അക്കാദമി ശേഖരത്തിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തി 'പുനർജ്ജനി' ചിത്രപ്രദർശനം സംഘടിപ്പിക്കുമെന്നും ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അറിയിച്ചു.

 

date