Skip to main content

'ബാല്യസ്പന്ദനം' പദ്ധതി: ജില്ലയില്‍ 17,290 അങ്കണവാടി കുട്ടികളുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയായി

 

അങ്കണവാടി കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ 'ബാല്യസ്പന്ദനം' പദ്ധതി ജില്ലയില്‍ ഊര്‍ജ്ജിതമായി മുന്നേറുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 254 അങ്കണവാടികളിലായി ഇതുവരെ 17,290 കുട്ടികളില്‍ ആരോഗ്യപരിശോധന നടത്തി. കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

കുട്ടികളുടെ സമഗ്രമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ കേരള വനിതാ-ശിശുവികസന വകുപ്പും ആരോഗ്യ-കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നതാണ് 'ബാല്യസ്പന്ദനം' പദ്ധതി. 'ആരോഗ്യമുള്ള ബാല്യം, ശക്തമായ ഭാവി' എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി വിഷന്‍ 2031-ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് മുതല്‍ ആറു വയസ്സുവരെയുള്ള അങ്കണവാടി കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ വളര്‍ച്ച ലക്ഷ്യമിട്ടുള്ള സമഗ്ര ആരോഗ്യപരിരക്ഷാ പദ്ധതിയാണിത്. കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാതെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് അങ്കണവാടികളിലെത്തി എല്ലാ മൂന്ന് മാസം കൂടുമ്പോഴും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

പോഷകാഹാരക്കുറവ്, വിളര്‍ച്ച, കാഴ്ച-കേള്‍വി പരിമിതികള്‍, ഭിന്നശേഷിത്വം, മറ്റ് ശാരീരിക-മാനസിക വളര്‍ച്ചാവ്യതിയാനങ്ങള്‍ എന്നിവ പ്രാരംഭഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ ഇതുവഴി കഴിയും. പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതാണ് അടുത്ത ഘട്ടം. കുട്ടികളുടെ ഉയരം, ഭാരം, ശാരീരിക വളര്‍ച്ച, പോഷകാഹാര നിലവാരം എന്നിവ കൃത്യമായി രേഖപ്പെടുത്തി പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് തുടര്‍ ചികിത്സയും ലഭ്യമാക്കും. ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹകരണത്തോടെ കൃത്യമായ ഫോളോഅപ്പും സൗജന്യ തുടര്‍ചികിത്സയും ഉറപ്പാക്കുകയും ചെയ്യും.

പോഷകാഹാരം, വ്യക്തിശുചിത്വം, പ്രതിരോധ കുത്തിവെപ്പുകള്‍, ദന്താരോഗ്യം എന്നിവയെക്കുറിച്ച് രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ച് കുട്ടികളുടെ പരിചരണത്തില്‍ കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികളും ജില്ലയില്‍ പുരോഗമിക്കുകയാണ്.

date