ദാക്ഷായണി സ്വയം തൊഴിൽ പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് ആവിഷ്കരിച്ച 'ദാക്ഷായണി സ്വയം തൊഴിൽ പദ്ധതി'യിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗതമായോ അല്ലെങ്കിൽ അഞ്ചോ അതിലധികമോ പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകൾ അംഗങ്ങളായിട്ടുള്ള സ്വയം സഹായ സംഘങ്ങൾക്കോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതാണ്.
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പദ്ധതി തുകയുടെ 75% വരെ സബ്സിഡിയായി അനുവദിക്കുന്നതാണ്. ഗ്രൂപ്പുകൾക്ക് പദ്ധതി തുകയുടെ 75% (പരമാവധി 10 ലക്ഷം രൂപ വരെയും), വ്യക്തികൾക്ക് പ്രോജക്ട് കോസ്റ്റിന്റെ 75% (പരമാവധി 3,75,000/- രൂപ വരെയും) പട്ടികജാതി വികസന വകുപ്പ് സബ്സിഡിയായി നൽകും. ബാക്കി വരുന്ന തുക ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകൾ, കേരള ബാങ്ക്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, പ്രാഥമിക സർവീസ് സംഘങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വായ്പയായി കണ്ടെത്താവുന്നതാണ്.
അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് വിശദമായ പ്രോജക്ട് റിപ്പോർട്ട്,ബിസിനസ് പ്ലാൻ, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പ്രോജക്ട് പ്രകാരമുള്ള സംരംഭം ആരംഭിക്കുന്നതിന് നൈപുണ്യ/വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 31-ന് മുൻപായി ബന്ധപ്പെട്ട ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും അതത് ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ:0484-2422256
- Log in to post comments