Skip to main content

68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള:

സ്വര്‍ണക്കപ്പിനും ദീപശിഖാ പ്രയാണത്തിനും നാളെ ബീച്ചില്‍ വരവേല്‍പ്പ്

68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നല്‍കുന്ന മുഖ്യമന്ത്രിയുടെ എവര്‍റോളിംഗ് സ്വര്‍ണക്കപ്പിനും ദീപശിഖാ പ്രയാണത്തിനും നാളെ (ഒക്ടോബർ 25) രാവിലെ ഒമ്പതിന് കോഴിക്കോട് ബീച്ചില്‍ ഉജ്ജ്വല സ്വീകരണം നല്‍കും.

കാസർകോട് നിന്ന് ഒക്ടോബർ 23-ന് ആരംഭിച്ച ദീപശിഖാ പ്രയാണം കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഒമ്പത് സ്‌കൂളുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മേളയ്ക്ക് ആതിഥ്യമരുളുന്ന കോഴിക്കോടെത്തുന്നത്. തിരുവനന്തപുരത്തുനിന്നും ഒക്ടോബർ 22-ന് യാത്ര ആരംഭിച്ച എവര്‍റോളിംഗ് സ്വര്‍ണ്ണക്കപ്പ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി 16 സ്‌കൂളുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് കോഴിക്കോട്ടേക്ക് എത്തിച്ചേരുന്നത്.

ഘോഷയാത്രയുടെയും സ്വീകരണങ്ങളുടെയും സമയക്രമം:
* രാവിലെ 8:00 മണി: ഐക്കരപ്പടിയിൽ നിന്നും സ്വർണ്ണക്കപ്പ് ഏറ്റുവാങ്ങിയുള്ള ഘോഷയാത്ര രാമനാട്ടുകര, ഫറോക്ക്, ചുങ്കം, മീഞ്ചന്ത, ഫ്രാൻസിസ് റോഡ് വഴി കടന്നുപോകും.
* രാവിലെ 9:00 മണി: കോഴിക്കോട് ബീച്ചിൽ എത്തിച്ചേരുന്ന സ്വർണ്ണക്കപ്പിനും ദീപശിഖാ പ്രയാണത്തിനും ഔദ്യോഗിക സ്വീകരണം.
* രാവിലെ 11:00 മണി: ഓവർബ്രിഡ്ജ് വഴി മാനാഞ്ചിറ ഗവ. ടി.ടി.ഐയിൽ എത്തിചേരും.
* ഉച്ചയ്ക്ക് 12:00 മണി: മാനാഞ്ചിറ ചുറ്റി പുതിയ ബസ് സ്റ്റാൻഡ്, അരയിടത്തുപാലം വഴി മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരും. ഇവിടെ സ്വീകരണം ഏറ്റുവാങ്ങും.
* ഉച്ചയ്ക്ക് 2:00 മണി: കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേർന്ന് സ്വീകരണം ഏറ്റുവാങ്ങുന്നു.
* വൈകുന്നേരം 3:00 മണി: ചെത്തുകടവ് വഴി മേളയുടെ പ്രധാന വേദിയായ എന്‍.ഐ.ടി. ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിൽ എത്തിച്ചേരുന്നു.
വൈകുന്നേരം നാല് മണിക്ക് മേളയുടെ പ്രധാന വേദിയായ എന്‍.ഐ.ടി. സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും മേളയുടെ ബ്രാന്‍ഡ് അംബാസഡറുമായ ഒളിമ്പ്യന്‍ ഡോ. പി.ടി. ഉഷ എം.പി. ദീപശിഖ തെളിക്കും.

date