Skip to main content
കിഴക്കഞ്ചേരിയെ കാന്‍സര്‍ വിമുക്തമാക്കാന്‍ സമഗ്ര പദ്ധതി

കിഴക്കഞ്ചേരിയെ കാന്‍സര്‍ വിമുക്തമാക്കാന്‍ സമഗ്ര പദ്ധതി; സംഘാടകസമിതി രൂപീകരിച്ചു

കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിനെ കാന്‍സര്‍ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ആരോഗ്യ പദ്ധതിക്ക് തുടക്കമായി. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ 184 കാന്‍സര്‍ രോഗികളാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. ആദ്യഘട്ടത്തില്‍ കാന്‍സര്‍ രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കും. തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ പ്രവര്‍ത്തകരും മലബാര്‍ ക്യാന്‍സര്‍ സെന്ററും കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പഞ്ചായത്ത് സന്ദര്‍ശിക്കുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

പദ്ധതിയുടെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണവും ആരോഗ്യബോധവല്‍ക്കരണ കണ്‍വെന്‍ഷന്റെ ഉദ്ഘാടനവും മുന്‍ എംഎല്‍എ സി.കെ രാജേന്ദ്രന്‍ നിര്‍വഹിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം കലാധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുനിത ശശീന്ദ്രന്‍, യു.അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതചന്ദ്രന്‍, സ്ഥിരംസമിതി അംഗങ്ങളായ സജിത ശിവദാസ്, യു. ബാബു, എം.തങ്കപ്പന്‍, കിഴക്കഞ്ചേരി എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതു എന്നിവര്‍ പങ്കെടുത്തു.

date