Skip to main content

വിദ്യാർഥികൾക്ക് പഠനപരിപാടി നടത്തി

ശിശുദിനാചരണത്തിന്റെ ഭാഗമായി നിയമസഭയിലെ 'കുട്ടികളുടെ ലൈബ്രറി'യുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട മണ്ഡലത്തിലെ ജി. കാർത്തികേയൻ മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾക്കായി നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ ഏകദിന പഠനപരിപാടി സംഘടിപ്പിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയമസഭാ ലൈബ്രറി അറിവിന്റെ നിറകുടമാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും സ്പീക്കർ പറഞ്ഞു. ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചും മുൻ സ്പീക്കർ ജി. കാർത്തികേയനുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും കുട്ടികളുമായി പങ്കുവയ്ക്കുകയും ശിശുദിനാശംസകൾ നേരുകയും ചെയ്തു. എം ആർ ബൈജു എം.എൽ.എ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ്ജ് നിയമസഭാ ലൈബ്രറി ഷാജി സി. ബേബി സ്വാഗതം ആശംസിച്ചു.

സ്‌കൂൾ കോ ഓർഡിനേറ്റർ ആതിര വി., നിയമസഭാ ചീഫ് ലൈബ്രേറിയൻ ഡോ. പ്രീതാറാണി കെ ആർ എന്നിവർ സംസാരിച്ചു. തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു സൈമൺ 'പരിമിതികൾ മറികടന്ന് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം' എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. അസംബ്ലി ഹാൾ, നിയമസഭാ മ്യൂസിയം, കുട്ടികളുടെ ലൈബ്രറി എന്നിവയും വിദ്യാർത്ഥികൾ സന്ദർശിച്ചു.

പി.എൻ.എക്‌സ്. 4788/2026

date