കുട്ടികൾക്കായി സ്പർശം പദ്ധതി നടപ്പാക്കും: മന്ത്രി
കുട്ടികളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു അവർക്കായി സ്പർശം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കുമെന്ന് വനിത-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജവഹർ സഹകരണ ഭവനിൽ ശിശു ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഒറ്റപ്പെട്ടതെങ്കിലും കുട്ടികളുടെ അക്രമ വാസന കാണിക്കുന്ന മൂന്ന് സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ചൈൽഡ് വെൽ ബീയിങ് ആൻഡ് വയലൻസ് പ്രിവൻഷൻ മിഷൻ എന്ന തരത്തിലാണ് സ്പർശം നടപ്പാക്കാനുദ്ദേശിക്കുന്നത്. ഒരു കുട്ടിയുടെ സ്വഭാവ വ്യതിയാനവും അക്രമ വാസനയും തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു ഇത് ഒഴിവാക്കി അവരെ ചേർത്തുപിടിച്ച് സുരക്ഷിത ബാല്യം ഉറപ്പാക്കും. ഏർലി ഐഡന്റിഫിക്കേഷൻ, ചൈൽഡ് മെന്റൽ ഹെൽത്ത് സെന്റർ, പാരന്റ് എംപവർമെന്റ് പ്രോഗ്രാം, സ്കൂളിലെ തർക്കങ്ങൾ ഒഴിവാക്കൽ, സൈബർ ബുള്ളിയിങ്ങുമായി ബന്ധപ്പെട്ട ഇടപെടൽ തുടങ്ങിയവയായിരിക്കും ഇതിന്റെ ഘടകങ്ങൾ. സർക്കാരിന് മാത്രമായി ഇത് നടപ്പാക്കാനാകില്ല; അതിനാൽ പൊതു സമൂഹത്തിന്റെയും എൻ ജി ഒ കളുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ, ഉജ്ജ്വല ബാല്യം പുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. കുട്ടികൾ തങ്ങളുടെ കളിപ്പാട്ടങ്ങൾ അങ്കണവാടികളിലെ കുട്ടികൾക്ക് പങ്കുവെച്ച് പരസ്പര സ്നേഹവും കരുതലും വളർത്തിയെടുക്കുന്നതിനായി ആരംഭിച്ച ടോയ് ടു ജോയ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചാച്ചാ നെഹ്റു സ്മാരക സംസ്ഥാനതല പ്രസംഗ മത്സര വിജയികൾക്ക് വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ട്രോഫി സമ്മാനിച്ചു. വാഴ 2 ബാലതാരം വേദ ശങ്കർ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി അധ്യക്ഷയായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സിസിലി ജോസഫ്, വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവീന്ദ്രൻ, വനിതാ ശിശു വികസന വകുപ്പ് അഡിഷണൽ ഡയറക്ടർ എസ് എൻ ശിവന്യ എന്നിവർ സംസാരിച്ചു. വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് സ്വാഗതവും ഡയറക്ടർ വി വിഘ്നേശ്വരി നന്ദിയും പറഞ്ഞു.
പ്രസംഗ മത്സര വിജയികൾ (സ്ഥാന ക്രമത്തിൽ)
യു പി വിഭാഗം- മുഹമ്മദ് മുസമ്മിൽ വി.പി.സി (കോഴിക്കോട്), മാല എസ് കെ (തിരുവനന്തപുരം), ആൽഫിയാ മനു (വയനാട്)
ഹൈസ്കൂൾ വിഭാഗം-നീരജ് കൃഷ്ണ(പാലക്കാട്), ആരാധ്യ പി (കണ്ണൂർ), മാളവിക (തൃശൂർ).
പി.എൻ.എക്സ്. 4789/2026
- Log in to post comments