Skip to main content

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയിൽ 25,70,991 വോട്ടർമാർ

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ ( സ്പെഷ്യൽ സമ്മറി റിവിഷൻ- എസ് എസ് ആർ -2027) നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പുകൾ കൈമാറി ജില്ലാ കളക്ടർ അഞ്ജു കെ.എസ്. കരട് പട്ടിക പ്രകാശനം ചെയ്തു.

2027 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് തയ്യാറാക്കിയ കരട് പട്ടികയിൽ ജില്ലയിൽ ആകെ 25,70,991 വോട്ടർമാരാണുള്ളത്. ഇതിൽ 13,44,859 പേർ സ്ത്രീകളും 12,26,077 പേർ പുരുഷന്മാരും 55 പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ്. 85 വയസ്സിനു മുകളിൽ പ്രായമുള്ള 28,051 മുതിർന്ന പൗരന്മാരും 18-19 പ്രായപരിധിയിലുള്ള 18,216 യുവ വോട്ടർമാരും പട്ടികയിലുണ്ട്.

എല്ലാ വോട്ടർമാരും കരട് പട്ടിക പരിശോധിച്ച് പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11 ആണ്.

കരട് പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ https://voters.eci.gov.in,  ECINET മൊബൈൽ ആപ്പ് എന്നിവയിലൂടെ പരിശോധിക്കാം. പേര് ചേർക്കുന്നതിനും വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ, താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവയെയും സമീപിക്കാം.

പൊതുജനങ്ങളുടെ സൗകര്യാർഥം വില്ലേജ്, താലൂക്ക് ഓഫീസുകളിൽ പ്രത്യേക വോട്ടർ സഹായകേന്ദ്രങ്ങളും പ്രവർത്തിക്കും. നവംബർ 14, 15, 22, 29 തീയതികളിലെ അവധി ദിവസങ്ങൾ ഉൾപ്പെടെ ഡിസംബർ 11 വരെ കേന്ദ്രങ്ങളുടെ സേവനം ലഭ്യമായിരിക്കും. കരട് പട്ടിക പ്രകാശന ചടങ്ങിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബിന്ദു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date