സംസ്ഥാന സഹോദയ കലോത്സവം 2026 സമാപിച്ചു; 'ഖേലോ കേരളം സി.എംസ് ട്രോഫി' പദ്ധതിയിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാർത്ഥികൾക്കും പങ്കെടുക്കാമെന്ന് മന്ത്രി ഒ.ജെ. ജനീഷ്
കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസിന്റെ ആഭിമുഖ്യത്തിൽ മാള ഹോളി ഗ്രേസ് അക്കാദമി ആതിഥേയത്വം വഹിച്ച സംസ്ഥാന സഹോദയ കലോത്സവം-2026 സമാപിച്ചു. സിയോൺ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിർവ്വഹിച്ചു.
സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഖേലോ കേരളം സി.എംസ് ട്രോഫി' പദ്ധതിയിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
പഠിക്കുക എന്നതാണ് എല്ലാ വിദ്യാർത്ഥികളുടെയും പ്രാഥമിക ഉത്തരവാദിത്വമെങ്കിലും, പാഠപുസ്തകങ്ങൾക്കപ്പുറം അവരിലെ പ്രതിഭകളെ കണ്ടെത്തുക എന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ നൈസർഗികമായ കലയെയും കായികശേഷിയെയും ചിത്രകല, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ കഴിവുകളെയും പരിപോഷിപ്പിക്കേണ്ടതുണ്ട്. ഒരു വിദ്യാർത്ഥി എപ്പോഴും പാഠപുസ്തകങ്ങൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടയാളല്ല; അവരുടെ പരന്ന വായനയും അറിവും കലാ-കായിക കഴിവുകളും പ്രോത്സാഹിപ്പിക്കപ്പെടണം. ഈ കലാമേളയിലെ യഥാർത്ഥ വിജയം സമ്മാനം നേടിയവരുടെ എണ്ണമല്ല, മറിച്ച് ഇവിടെ പങ്കെടുത്തവരുടെ എണ്ണമാണ്. നിങ്ങളുടെ കഴിവുകളെ ഒരിക്കലും ചെറുതായി കാണരുത്. ചെറിയ വേദികളിൽ ലഭിക്കുന്ന അവസരങ്ങളിലൂടെയാണ് വലിയ വേദികളിലേക്കുള്ള പ്രയാണം സാധ്യമാകുന്നത്. പങ്കെടുക്കുക, അവതരിപ്പിക്കുക, മികച്ചവരായി മാറുക എന്നതാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു.
2036 ഒളിമ്പിക്സ് ഇന്ത്യയിൽ നടക്കുകയാണെങ്കിൽ അവിടെ മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് കായിക വകുപ്പിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് പ്രസിഡന്റ് ഡോ. ജോജി പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ ആമുഖ പ്രഭാഷണവും കോൺഫെഡറേഷൻ ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ സി.എം.ഐ. ആശംസയും അർപ്പിച്ചു. ജനറൽ കൺവീനറും ഹോളി ഗ്രേസ് അക്കാദമി പ്രിൻസിപ്പലുമായ ഡോ. പി.വി. ലിവിയ സ്വാഗതവും കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
- Log in to post comments