ദിശ എക്‌സ്‌പോയില്‍ സാങ്കേതികവിദ്യയുടെ വിസ്മയക്കാഴ്ചകളുമായി ഐ.എച്ച്.ആര്‍.ഡി സ്റ്റാള്‍
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദിശ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ് പരിപാടിയുടെ ഭാഗമായി ഒരുക്കിയ ഐ.എച്ച്.ആര്‍.ഡി സ്റ്റാള്‍ നൂതന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനവും വിദ്യാര്‍ഥികളുടെ പ്രായോഗിക മികവും കൊണ്ട് ശ്രദ്ധേയമായി. സെന്‍സര്‍ സംവിധാനത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക്, ലോഹം, ജൈവമാലിന്യം എന്നിവ വേര്‍തിരിക്കുന്ന മാലിന്യസംസ്‌കരണ മാതൃകയാണ് സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ച പ്രധാന പ്രദര്‍ശനങ്ങളിലൊന്ന്. കോഴിക്കോട് തിരുത്തിയാട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മാതൃക അവതരിപ്പിച്ചത്. പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ റോബോട്ടിക് ക്വിസും സന്ദര്‍ശകര്‍ക്ക് കൗതുകമായി. ശരിയുത്തരം നല്‍കുന്നവര്‍ക്ക് ഹസ്തദാനം നല്‍കുന്ന റോബോട്ടിന്റെ പ്രവര്‍ത്തനം കാണികളില്‍ താല്‍പര്യമുണര്‍ത്തി. ലൈവ് ഹാക്കിങ് പ്രദര്‍ശനത്തിലൂടെ സൈബര്‍ സുരക്ഷയുടെ വിവിധ വശങ്ങളും ഹാക്കിങ് ഭീഷണികളെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളും പരിചയപ്പെടുത്തി.
ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളെക്കുറിച്ചും വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും അറിയാന്‍ നിരവധി വിദ്യാര്‍ഥികളാണ് സ്റ്റാളിലെത്തിയത്. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ കോഴ്‌സുകളില്‍ താല്‍പര്യമറിയിച്ച് രജിസ്റ്റര്‍ ചെയ്തു. കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി) സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സ്ഥാപനമാണ്. എന്‍ജിനീയറിങ് കോളേജുകള്‍, അപ്ലൈഡ് സയന്‍സ് കോളേജുകള്‍, മോഡല്‍ പോളിടെക്‌നിക്കുകള്‍, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയിലൂടെ വിവിധ തലങ്ങളിലുള്ള സാങ്കേതിക വിദ്യാഭ്യാസവും നൈപുണ്യ വികസന അവസരങ്ങളും സ്ഥാപനം ലഭ്യമാക്കുന്നു. ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുള്ള ഐ.എച്ച്.ആര്‍.ഡിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് സ്റ്റാളിലൂടെ പരിചയപ്പെടുത്തുന്നത്.
- Log in to post comments