Skip to main content

വിദ്യാര്‍ത്ഥികളില്‍ വൈകാരിക ബുദ്ധിവികാസം ലക്ഷ്യമിട്ട് 'ഇമോഷ്യ' പദ്ധതി; മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിക്ക് തുടക്കമായി

വിദ്യാര്‍ത്ഥികളിലെ വൈകാരിക ബുദ്ധിവികാസം ലക്ഷ്യമിട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 202627 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നൂതന പരിശീലന പദ്ധതിയായ 'ഇമോഷ്യ'യ്ക്ക് തുടക്കമായി. ഗവ. എച്ച്.എസ്.എസ് ഒതുക്കുങ്ങലില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ കുട്ടിക്ക് മെച്ചപ്പെട്ട വ്യക്തിത്വത്തില്‍ എത്തിക്കാന്‍ സാധിക്കും, വെറും സിലബസ് പഠനത്തില്‍ ഉപരി വിദ്യാര്‍ത്ഥികളുടെ സ്‌കില്‍, കമ്യൂണിക്കേഷന്‍, പ്രാപ്തത എന്നിവ മെച്ചപ്പെടുത്താനും അത് പരിഗണിക്കാനും മുന്നോട്ടുള്ള വിദ്യാഭ്യാസത്തിനും പഠനത്തിനും തൊഴിലിനും അവസരങ്ങള്‍ ലഭിക്കാനും വഴിയൊരുക്കും കൂടാതെ നൂറുദിന കര്‍മ്മപരിപ്പടിയുടെ ഭാഗമായി 6000 സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയറുകള്‍ സ്ഥാപിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം, വൈകാരിക വികാസം, വ്യക്തിത്വ രൂപീകരണം എന്നിവ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന തിരിച്ചറിവിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ വൈകാരിക ബുദ്ധി വളര്‍ത്തുന്നതിനൊപ്പം അവരുടെ മാനസികവും വൈകാരികവുമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലെയും പ്രത്യേക പിന്തുണ ആവശ്യമായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും കണ്ടെത്തി അനുയോജ്യമായ പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കും. വിദ്യാര്‍ത്ഥികളുടെ മാനസികവും വൈകാരികവുമായ വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും അവയെ ഫലപ്രദമായി നേരിടുന്നതിനും ആവശ്യമായ പിന്തുണ ലഭ്യമാക്കുന്നതിലൂടെ കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിന് സഹായകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നുസ്രത്ത് റഹ്‌മാന്‍, മന്‍സൂര്‍, സീനത്ത് അബൂബക്കര്‍, ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മെഹനാസ്, പൊന്‍മള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എ. റഹ്‌മാന്‍, കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. ഷാജി, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ബുഷ്‌റ, പ്രിന്‍സിപ്പല്‍ സന്തോഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ. ഷറഫുദ്ദീന്‍, കൂടാതെ ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മറ്റു ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കാളികളായി.
 

date