ഉന്നതവിദ്യാഭ്യാസ സാധ്യതകളുടെ പുതിയ വാതായനങ്ങള്‍ തുറന്ന് 'ദിശ 2026' സമാപിച്ചു 50000 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു
ഉപരിപഠനത്തിന്റെയും തൊഴില്‍ സാധ്യതകളുടെയും വിശാല ലോകം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി മലപ്പുറത്ത് സംഘടിപ്പിച്ച സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനം 'ദിശ 2026' സമാപിച്ചു. അ50000 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രദര്‍ശനം പൊതുജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളും ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എസ്.സി, ഐ.ഐ.എസ്.ഇ.ആര്, എയിംസ്, ദേശീയ നിയമ സര്‍വകലാശാലകള്‍ തുടങ്ങി എണ്‍പതിലധികം പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുത്തു. വിവിധ കോഴ്സുകള്‍, പ്രവേശന പരീക്ഷകള്‍, സ്കോളര്‍ഷിപ്പുകള്‍, ഗവേഷണ സാധ്യതകള്‍, തൊഴില്‍ മേഖലകള്‍ എന്നിവയെക്കുറിച്ച് നേരിട്ട് അറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി. മെഡിക്കല്‍, എന്‍ജിനീയറിങ് മേഖലകള്‍ക്കപ്പുറം സിവില്‍ സര്‍വീസ്, നിയമം, മാധ്യമം, ശാസ്ത്ര ഗവേഷണം, വ്യോമയാനം, നിര്‍മിതബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ സാധ്യതകളും പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തി. വിവിധ കരിയര്‍ സെമിനാറുകള്‍, കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയും സംഘടിപ്പിച്ചു. അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ കെ-ഡാറ്റ് പരീക്ഷയില്‍ പങ്കെടുത്തു.
സമാപന സമ്മേളനം വ്യവസായ, വാണിജ്യ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. ആശയങ്ങളെ അവസരങ്ങളാക്കി മാറ്റാന്‍ ഏറ്റവും അനുയോജ്യമായ കാലഘട്ടമാണിതെന്നും ശരിയായ ദിശ തിരിച്ചറിഞ്ഞ് എന്താണ് പഠിക്കേണ്ടതെന്ന് മനസ്സിലാക്കി മുന്നേറണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എ.ഐ പഠനം കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ഈ വര്‍ഷം തന്നെ ഹൈസ്കൂള്‍ തലങ്ങളില്‍ എ.ഐ പഠനം ഉള്‍പ്പെടുത്തുമെന്നും എന്‍. ഷംസുദ്ദീന് പറഞ്ഞു. ഇതിനായി ആവിഷ്കരിച്ച എറൈസ് പദ്ധതിയുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. റീല്‍സ് മത്സരത്തില്‍ വിജയിയായ മലപ്പുറം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഹമ്മദ് സജാദ് എ.പി, പോസ്റ്റര്‍ നിര്‍മാണത്തില്‍ വിജയിയായ അരിമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഹമ്മദ് സല്മാന് എന്നിവര്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി ഉപഹാരം കൈമാറി. ഡോക്യുമെന്റേഷന് ടീമിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പത്രത്തിന്റെയും മാഗസിന്റെയും പ്രകാശനം എന്‍. ഷംസുദ്ദീന് നിര്‍വഹിച്ചു. കെ. സലീം ഏറ്റുവാങ്ങി. ദിശയുടെ വേദി ഒരുക്കിയ എം.എസ്.പി ടീമിനുള്ള മൊമെന്റോ കെ. സലീം ഐ.പി.എസിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു. യുനിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധി രമിത രാജു, ആര്.ഡി.ഡി ജൂഡ് ലൂയിസ്, ഒ. ഷൗക്കത്തലി, മുഹമ്മദ് യൂനസ് സലീം അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.കെ അഷ്റഫ്, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.എം. അസീം എന്നിവര്‍ പങ്കെടുത്തു
- Log in to post comments