Skip to main content

ദേശീയ സരസ് മേള: തനത് കലാരൂപങ്ങളും പുതുതലമുറയുടെ കലാവിരുന്നുമായി സാംസ്‌കാരിക പരിപാടികള്‍

ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന പതിനാലാമത് ദേശീയ സരസ് മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി സാംസ്‌കാരിക കമ്മിറ്റി അംഗങ്ങളുടെ യോഗം  ചെറുകുന്ന് ലിവാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്നു. സാംസ്‌കാരിക കമ്മിറ്റി ചെയര്‍പേഴ്‌സണും കോട്ടക്കല്‍ നിയോജക മണ്ഡലം എം.എല്‍.എയുമായ ആബിദ് ഹുസൈന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.  ജില്ലയുടെ തനത് കലാരൂപങ്ങള്‍ക്കും സാംസ്‌കാരിക പൈതൃകത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് വര്‍ണ്ണാഭമായ സാംസ്‌കാരിക വിരുന്ന് ഒരുക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയുടെ തനതു പരിപാടികള്‍, ശിങ്കാരിമേളം, കളരിപ്പയറ്റ്, നാടകം, നാടന്‍പാട്ട്,  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും. ഇതിനുപുറമെ പുതിയ തലമുറയെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കും പ്രത്യേക പരിഗണന നല്‍കും. പാരമ്പര്യ കലാരൂപങ്ങളെയും ആധുനിക കലാവിഷ്‌കാരങ്ങളെയും സമന്വയിപ്പിച്ച് എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാനാകുന്ന മികച്ച സാംസ്‌കാരിക അനുഭവം ഒരുക്കുന്നതിനാണ് ഈ വര്‍ഷത്തെ ദേശീയ സരസ് മേളയുടെ സാംസ്‌കാരിക കമ്മിറ്റി ലക്ഷ്യമിടുന്നത്.  യോഗത്തില്‍  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷരീഫ് കുറ്റൂര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ഹസ്‌കര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ മന്‍ഷൂബ, കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ഷൗക്കത്ത് കടമ്പോട്ട്,  ജോയിന്റ് കണ്‍വീനര്‍ ഡോ. ഇര്‍ഷാദ് കോട്ടപ്പുറം, ബ്ലോക്ക് മെമ്പര്‍ എം സി കുഞ്ഞിപ്പ, മുഹ്‌സിന്‍ ബുക്കഫേ,  സി ഡി എസ് ചെയര്‍പേഴ്‌സന്മാര്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മാര്‍ മറ്റു കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍ മാര്‍ എന്നിവര്‍ പങ്കെടുത്തു
 

date