ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ: മാതൃകയായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
ഭിന്നശേഷി സൗഹൃദം പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് മാതൃകയായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. 1500 ഭിന്നശേഷിക്കാർ ഉൾപ്പെടെ 3000 പേരെ പങ്കെടുപ്പിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി മഹാസംഗമമായ 'മൈൻഡ്' സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടി. ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി വേങ്ങര നടപ്പാക്കുന്ന മാതൃകാ പ്രവർത്തനങ്ങൾ തൃശ്ശൂർ കിലയിൽ നടന്ന ശില്പശാലയിൽ അവതരിപ്പിച്ചു.
ഒക്ടോബർ 18-ന് കൂരിയാട് ജെംസ് ഓഡിറ്റോറിയത്തിൽ ആയിരുന്നു ഭിന്നശേഷി മഹാസംഗമം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക പദ്ധതി തയ്യാറാക്കുകയും അവരുടെ ആവശ്യങ്ങൾ തുടർപ്രവർത്തനങ്ങളിലൂടെ നടപ്പാക്കുകയുമാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാർക്കായി 40 ലക്ഷം രൂപ ചെലവിൽ ആറ് തെറാപ്പികൾ സൗജന്യമായി ലഭ്യമാക്കുന്ന 'കെയർ യു എയ്ഞ്ചൽസ്' പദ്ധതി ജനുവരിയോടെ ആരംഭിക്കുമെന്ന് പ്രസിഡന്റ് പാണ്ടിക്കടവത്ത് അബൂ താഹിർ അറിയിച്ചു.
തൃശ്ശൂർ കിലയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൂസൈറ മൻസൂർ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.പി സുലൈഖ തുടങ്ങിയവർ വേങ്ങര മോഡൽ പദ്ധതി വിശദീകരിച്ചു. കില റിസോഴ്സ് പേഴ്സൺമാരായ അഡ്വ. ഫെബി, താപ്പി റഹ്മത്തുള്ള, അഡ്വ. ലിയോ, അഡ്വ. മാത്യു തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments