Skip to main content
..

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി വഴി വിതരണം ചെയ്തത് 37.27 കോടിയുടെ ധനസഹായം: മന്ത്രി ബിന്ദു കൃഷ്ണ

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി വഴി 3420 വായ്പകളിലായി 37.27 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്‌തെന്ന് വനിതാ-ശിശുവികസന, തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി ധനസഹായവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിന്നക്കട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സഹകരണ ബാങ്കുകളില്‍ നിന്നോ സംഘങ്ങളില്‍ നിന്നോ വായ്പയെടുത്ത ശേഷം മരിക്കുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് റിസ്‌ക് ഫണ്ട് വലിയ ആശ്വാസമായി മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയില്‍ 141 വായ്പകളിലായി 1.86 കോടി രൂപയുടെ റിസ്‌ക് ഫണ്ട് ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. സഹകരണ പ്രസ്ഥാനങ്ങള്‍ എന്നും സാധാരണക്കാര്‍ക്കൊപ്പമാണെന്നും നിക്ഷേപകരെയും നാടിനെയും കബളിപ്പിക്കുന്ന ചുരുക്കം ചില ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍  നിയമത്തിന്റെ ശക്തമായ കരങ്ങള്‍ ജാഗരൂകരായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ കേവലം നിക്ഷേപങ്ങളും വായ്പകളും നല്‍കുക മാത്രമല്ല, മനുഷ്യരുടെ ജീവിത പ്രയാസങ്ങളില്‍ ഒപ്പം നില്‍ക്കുന്ന സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. ബാങ്കുകളുടെ വിശ്വാസ്യതയും വായ്പകളുടെ സുരക്ഷയും ഒരു പോലെ ഉറപ്പിക്കാന്‍ റിസ്‌ക് ഫണ്ട് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വായ്പയെടുത്ത് പ്രതിസന്ധിയിലാകുന്നവര്‍ക്ക് ആശ്വാസമാണ് കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷനായ ചടയമംഗലം എം എല്‍ എ, എം എം നസീര്‍ പറഞ്ഞു. കരുനാഗപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, തൊടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി രാജന്‍, പരവൂര്‍ എസ് എന്‍ വി ആര്‍ സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, ഇരവിപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളത്തുംഗല്‍ രാജഗോപാല്‍, കൊട്ടാരക്കര പി സി എ ആര്‍ ഡി ബി പ്രസിഡന്റ് കൊല്ലായില്‍ സുരേഷ്, ചണ്ണപ്പേട്ട സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാര്‍ലി കോലോത്ത്, പുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണ്‍സണ്‍ കെ, മിസലേനിയസ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രസാദ് നാണപ്പന്‍, കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് കൊല്ലം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ശോഭന ജെ, അസിസ്റ്റന്റ് രജിസ്ട്രാര്‍ അജയകുമാര്‍ എന്‍ തുടങ്ങിയവരും സഹകാരികളും ഗുണഭോക്താക്കളും പങ്കെടുത്തു.
 
 

date