Skip to main content

സ്‌കൂളുകളിലും അങ്കണവാടികളിലും വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്ത് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ; സി ആര്‍ മഹേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്താന്‍ സ്‌കൂളുകളിലും അങ്കണവാടികളിലും വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്ന ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ചെറിയഴീക്കല്‍ ശങ്കരനാരായണ ഓഡിറ്റോറിയത്തില്‍  കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷ് ഉദ്ഘാടനം ചെയ്തു. ഡോ. വി വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ജി വി എച്ച് എസ് എസ് പ്രധാനാധ്യാപിക എല്‍ ശ്രീലതയ്ക്ക് വാട്ടര്‍ പ്യൂരിഫയര്‍  കൈമാറിക്കൊണ്ടാണ് എം എല്‍ എ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളിലെ ജലജന്യ രോഗങ്ങള്‍ തടയുന്നതിന് പദ്ധതി പ്രയോജനപ്പെടുമെന്നും   പൊതുവിദ്യാലയങ്ങളുടെയും അങ്കണവാടികളുടെയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത്തരം  പദ്ധതികള്‍ സഹായകമാണെന്നും എം എല്‍ എ പറഞ്ഞു.

കുരുന്നുകളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് 2026-27 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനന്‍ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വരുണ്‍ ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ എസ് പുരം സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ശരണ്യ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ യു ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റ്റി ഡി ഹരികുമാര്‍, ഡോ. വി വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ജി വി എച്ച് എസ് എസിലെ പി ടി എ പ്രസിഡന്റ് ജിജീഷ് മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ സ്‌കൂളുകളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date