Skip to main content

പെട്രോളിലെ എഥനോൾ സാന്നിധ്യം; പമ്പുകളിൽ മിന്നൽ പരിശോധന

 

പെട്രോളിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച  അനുപാതത്തിൽ എഥനോൾ  സാന്നിധ്യവും അതിന്റെ അളവും പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുന്നതിനു  ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ  എം.ആർ മനോജ്കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ  പരിശോധന നടത്തി. 

അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ആലപ്പി പെട്രോളിയം പമ്പിലും, കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ അമ്പാടി ഫ്യൂവൽസ് പമ്പിലുമായിരുന്നു  പരിശോധന; നിയമാനുസൃതമായി സാമ്പിളുകൾ ശേഖരിച്ചു.  ശേഖരിച്ച സാമ്പിളുകൾ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് അയച്ചു. 

പരിശോധനയിൽ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസറായ ആർ സേതുലക്ഷ്മി, കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസറായ ജി ഓമനക്കുട്ടൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ രതീഷ്, പി ആർ ബിനുരാജ്, ഗിരീഷ്, കൃഷ്ണകുമാർ ഉണ്ണിത്താൻ, രാജേഷ് വിശ്വനാഥ്, ബി.പി.സി.എൽ സെയിൽസ് ഓഫീസർ ടി എ നിത, ഐ.ഒ.സി സെയിൽസ് ഓഫീസർ ടി ജെ രാകേഷ് കിരൺ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.ആർ മനോജ്കുമാർ അറിയിച്ചു.

date