Skip to main content

പെട്രോള്‍ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കും: മന്ത്രി അനൂപ് ജേക്കബ്  പമ്പുകളില്‍ എഥനോള്‍ അളവ് പരിശോധന: ആലപ്പുഴയിലും കാസര്‍കോഡും സാമ്പിള്‍ ശേഖരിച്ചു

 

പെട്രോളില്‍ നിശ്ചിതപരിധിയിലധികം എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ നാലു പമ്പുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. പെട്രോള്‍ കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കഴിഞ്ഞാഴ്ച നാലു ജില്ലകളിലെ 9 പമ്പുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേര്‍ക്കലും മറ്റ് ക്രമക്കേടുകളും തടയാനുമാണു നടപടിയെന്നു ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പരിശോധനയില്‍ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) നിഷ്‌കര്‍ഷിച്ച ഗുണനിലവാര മാനദണ്ഡം പാലിച്ചാണോ പെട്രോള്‍ നല്‍കുന്നതെന്ന് ഉറപ്പാക്കും. വരുംദിവസങ്ങളിലും വിവിധജില്ലകളില്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. കര്‍ണാടകയിലെ ചില പമ്പില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനം വില്‍ക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേരളത്തിലും പരിശോധനയ്ക്ക് ഉത്തരവിട്ടത്.

ആലപ്പുഴ മുനിസിപ്പല്‍ പരിധിയിലുള്ള ബിപിസിഎല്‍ പമ്പിലും തൃക്കുന്നപ്പുഴയിലെ ഐഒസിയുടെ പമ്പിലുമാണു ഇന്നലെ (16-11-2026) പരിശോധന നടന്നത്. ശേഖരിച്ച സാമ്പിളുകള്‍ എറണാകുളം റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കു നല്‍കും.  അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ സേതുലക്ഷ്മി ആര്‍, കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ ഓമനക്കുട്ടന്‍ ജി, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് കെ, ബിനുരാജ് പി.ആര്‍, ഗിരീഷ്, കൃഷ്ണകുമാര്‍ ഉണ്ണിത്താന്‍, രാജേഷ് കെ വിശ്വനാഥ്, ബി.പി.സി.എല്‍ സെയില്‍സ് ഓഫീസര്‍ നിത ടി.ഇ, ഐഒസി സെയില്‍സ് ഓഫീസര്‍ ടി.ജെ രാകേഷ് കിരണ്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

date