ചാലക്കുടിയിൽ താലൂക്ക് തല വിജിലൻസ് സമിതി യോഗം ചേർന്നു; അനർഹ മുൻഗണനാ കാർഡുകൾക്കെതിരെ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്*
ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം രൂപീകരിച്ച താലൂക്ക് തല വിജിലൻസ് സമിതിയുടെ യോഗം ചാലക്കുടി മുനിസിപ്പാലിറ്റി ജൂബിലി ഹാളിൽ ചേർന്നു. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ അബ്ദുൽ മജീദ് സി.എം അധ്യക്ഷത വഹിച്ചു. അനർഹരായവർ മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ സർക്കാരിന്റെ നിലവിലെ പദ്ധതി പ്രകാരം അവ സ്വമേധയാ സറണ്ടർ ചെയ്യണമെന്ന് യോഗം നിർദ്ദേശിച്ചു. നിശ്ചിത കാലപരിധിക്ക് ശേഷം കണ്ടെത്തുന്ന അനർഹമായ റേഷൻ കാർഡുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ റിയാസ് പി.എം കഴിഞ്ഞ മാസങ്ങളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചാലക്കുടി ശിശു വികസന ഓഫീസർ നിഷ എം. വകുപ്പുതല പ്രവർത്തന റിപ്പോർട്ടും, വിദ്യാഭ്യാസ വകുപ്പിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട എം.ഡി.എം.എസ് (MDMS) സ്കീമിന്റെ റിപ്പോർട്ട് ചാലക്കുടി നൂൺ മീൽ ഓഫീസർ മുഹമ്മദ് നിഷാറും സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ആലീസ് ഷിബു, എം.എൽ.എമാരുടെ പ്രതിനിധികൾ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോക്തൃ-ഭക്ഷ്യ സംസ്കരണ മേഖലകളിലെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments