അക്ഷയ കേന്ദ്രങ്ങൾ വ്യാപിപ്പിക്കും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്ത് കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും നൽകുന്ന സേവനം പരിഷ്കരിക്കുമെന്നും വിവരസാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. അക്ഷയ ദിന വാർഷിക ഉദ്ഘാടനവും രജത ജൂബിലി ലോഗോ പ്രകാശനവും തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് ഏത് സാങ്കേതിക വിദ്യ വളരുമ്പോഴും അതിന്റെ നേട്ടം എല്ലാവർക്കും പ്രാപ്യമാകണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ളതിന്റെ ഗുണം നാം അനുഭവിക്കുന്നുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസം വെല്ലുവിളിയായിരുന്ന കാലത്താണ് അക്ഷയ പദ്ധതി ആരംഭിക്കുന്നത്. എന്നാൽ 25-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ലോകത്തിനാകെ മാതൃകയാകുന്ന പദ്ധതിയായി അക്ഷയ മാറി. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ അക്ഷയയെ കുറിച്ച് പഠിക്കാൻ കേരളത്തിൽ വന്നത് മന്ത്രി ചൂണ്ടികാട്ടി.
പൊതുജനങ്ങൾക്ക് സേവനം നൽകുന്ന ഏറ്റവും നല്ല ഇ-ഗവേണൻസ് സ്ഥാപനമായി അക്ഷയയെ വളർത്തിയെടുക്കുമെന്ന് വീഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. റവന്യൂ വകുപ്പിന്റ 23 ഓളം സർട്ടിഫിക്കറ്റുകൾ അക്ഷയയിലൂടെ ലഭിക്കും. ബാങ്കിങ്, ഇൻഷുറൻസ്, യൂട്ടിലിറ്റി പേയ്മെന്റ്, റേഷൻ കാർഡ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സേവനം അക്ഷയയിലൂടെ ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായി തുടങ്ങിയ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ രജിസ്ട്രേഷൻ വിജയിപ്പിച്ചതും അക്ഷയയാണ്. ബിസിനസ് മാനേജ്മെന്റ്, നൈപുണ്യ വികസനം, സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ അക്ഷയുടെ സേവനം പ്രയോജനപ്പെടുത്താം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അക്ഷയയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അക്ഷയയുടെ വെബ് പോർട്ടൽ ലോഞ്ചിംഗും 25-ാം വാർഷിക വീഡിയോ പ്രകാശനവും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് സുഹാസ് അധ്യക്ഷനായി. കെഎസ്ഐടിഎം ഡയറക്ടർ സച്ചിൻ കുമാർ യാദവ്, കൗൺസലർ രാഖി രവികുമാർ, അക്ഷയ ഡയറക്ടർ എം അബ്ദുൾ റഹിമാൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ വിനു എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4843/2026
- Log in to post comments