Skip to main content

സെക്രട്ടേറിയറ്റ് വളപ്പിൽ ‘വ്‌ളാത്താങ്കര ചീര’ വിളവെടുപ്പ്; ആവേശമായി കുട്ടികളും ജീവനക്കാരും

സെക്രട്ടേറിയറ്റ് വളപ്പിൽ ഗാർഡനേഴ്‌സിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത പാരമ്പര്യ ഇനമായ ‘വ്‌ളാത്താങ്കര ചീര’യുടെ വിളവെടുപ്പ് നടന്നു. കോട്ടൺഹിൽ സ്‌കൂളിലെ 'കൃഷിപാഠം' വിദ്യാർഥികൾക്കൊപ്പം കൃഷിമന്ത്രി  ടി. സിദ്ദിഖ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ചെങ്കൽ പഞ്ചായത്തിലെ വ്‌ളാത്താങ്കരയിലുള്ള പാരമ്പര്യ കർഷകനും ഈ ഇനത്തിന്റെ പ്രചാരകനുമായ രാജൻ പൂവക്കുട്ടിയെ ചടങ്ങിൽ കൃഷിമന്ത്രി ആദരിച്ചു.  കതിരുഗീതം മുഴക്കി വിളവെടുപ്പിൽ പങ്കെടുത്ത കുട്ടികൾ മന്ത്രിക്കൊപ്പം ഗാർഡൻ ടില്ലറിൽ മണ്ണൊരുക്കാനും സമയം കണ്ടെത്തി. കുട്ടികളെ മന്ത്രി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു. കൃഷിമന്ത്രിയായി ആറുമാസം പൂർത്തിയാക്കുന്ന ടി. സിദ്ദിഖിന് കർഷകരുടെ ആദരവായി പൊന്നാടയും സമ്മാനിച്ചു.

നന്ദിയോട് 'ഗ്രാമാവൃതം' കോഓർഡിനേറ്റർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അമ്മക്കൂട്ടം ഗ്രൂപ്പ് തയാറാക്കിയ നാടൻ കിഴങ്ങുവർഗ വിഭവങ്ങളുടെ വിതരണവും നടന്നു. കൃഷിവകുപ്പ് 'കതിർ' പദ്ധതി ഉദ്യോഗസ്ഥർ, ഫാം ഇൻഫർമേഷൻ ബ്യൂറോ ടീം, നഗരസഭാ കൃഷി ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റ് ഗാർഡൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4852/2026

date