വിവരാവകാശ നിയമത്തിന്റെ പ്രയോജനം പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും എത്തണം: മുഖ്യ വിവരാവകാശ കമ്മീഷണർ
വിവരാവകാശ നിയമത്തിന്റെ പ്രയോജനവും ആനുകൂല്യവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്ക് കൂടി എത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ. ജില്ലയിലെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വിവരാവകാശ സെമിനാർ പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കിടയിലും വിവരാവകാശ നിയമത്തെക്കുറിച്ച് അവബോധം വളർത്തേണ്ടതുണ്ട്. ഇതിനായി പിന്നാക്ക മേഖലകളിൽ നേരിട്ടെത്തി ബോധവത്കരണം നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷം മുഖ്യ വിവരാവകാശ കമ്മീഷണർ പങ്കുവെച്ചു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യം കുറവാണെന്നത് അഭിനന്ദനാർഹമാണ്. എന്നാൽ ചില ഉദ്യോഗസ്ഥർ വിവരാവകാശ അപേക്ഷകരെ ശത്രുതാ മനോഭാവത്തോടെ കാണുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകുന്നതിൽ സമയനിഷ്ഠ പാലിക്കാറില്ലെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് പറഞ്ഞു. നിയമപ്രകാരം നൽകാവുന്ന രേഖകളാണെങ്കിൽ അവ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകണം.
വിവരാവകാശ നിയമം നിലവിൽ വന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും അപേക്ഷകൾ ലഭിക്കുമ്പോൾ ചില ഉദ്യോഗസ്ഥർ അവയെ ശല്യമായാണ് കാണുന്നതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ ചൂണ്ടിക്കാട്ടി. വിവരങ്ങൾ നൽകുന്നത് തങ്ങൾ നിർവഹിക്കേണ്ട ഗൗരവമേറിയ ഉത്തരവാദിത്തമായി കണ്ട് ഉദ്യോഗസ്ഥർ പ്രവർത്തിക്കണം.
സെമിനാറിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള സെഷനും ഒരുക്കിയിരുന്നു.
പരിപാടിയിൽ എഡിഎം സി. പ്രേംജി, കമ്മീഷൻ റിസോഴ്സ് പേഴ്സൺ കെ. പ്രസാദ്, കാർമൽ ഗ്രൂപ്പ് ചെയർമാൻ ഫാ. പോൾ തുണ്ടുപറമ്പിൽ എന്നിവർ സംസാരിച്ചു.
- Log in to post comments