*വെള്ളാങ്കല്ലൂരിലെ പുഴക്കടവുകളിൽ 58,125 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു*
ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി മത്സ്യഭവൻ പരിധിയിലുള്ള വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ കടവുകളിൽ 58,125 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കരൂപ്പടന്ന, വള്ളിവട്ടം, കടലായി, നെടുങ്ങാണത്ത്കുന്ന് എന്നീ പുഴക്കടവുകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കരൂപ്പടന്ന കടവിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'ഉൾനാടൻ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതി (2026-27)'-ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി രാജശേഖരൻ, പഞ്ചായത്ത് അംഗം മുസമ്മിൽ എ.എ, ഫിഷറീസ് ഓഫീസർമാരായ നീരജ ബാബു, അനു എ.ജെ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments