Skip to main content

പാരിപ്പള്ളിയില്‍ ഓഫ്-സൈറ്റ് മോക്ക് ഡ്രില്‍ 30ന്

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍   ഐ ഒ സി എല്‍ അധികൃതരുടെ സഹകരണത്തോടെ പാരിപ്പള്ളി ഐ ഒ സി എല്ലില്‍ നവംബര്‍ 30ന് രാവിലെ 11ന് ഓഫ്-സൈറ്റ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. വ്യാവസായിക അപകടങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സ്ഥാപനത്തിന് പുറത്തുള്ള അടിയന്തര പ്രതികരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുമാണ് മോക്ഡ്രില്‍ നടത്തുന്നത്.  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് സജീദിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍  ചേര്‍ന്ന യോഗത്തില്‍  മോക്ക് ഡ്രില്‍ സംബന്ധിച്ച തയ്യാറെടുപ്പുകള്‍ വിലയിരുത്തി.
  . കണ്‍ട്രോള്‍ റൂമില്‍നിന്ന് ആവശ്യമായ അറിയിപ്പുകള്‍ നല്‍കുന്നതിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഗതാഗത നിയന്ത്രണത്തിനും മറ്റ് ക്രമീകരണങ്ങള്‍ക്കുമായി  പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മോക്ക് ഡ്രില്ലിന്  ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പാരിപ്പള്ളി എസ് എച്ച് ഒയ്ക്ക് നിര്‍ദേശം നല്‍കി
മോക്ക് ഡ്രില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കും  നിര്‍ദേശങ്ങള്‍ നല്‍കി. അപകടസ്ഥലത്തും പരിസര പ്രദേശങ്ങളിലും ചോര്‍ന്നുപോകുന്ന എല്‍ പി ജി വാതകത്തിന്റെ സാന്ദ്രത, ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധിച്ച് വിലയിരുത്തുന്നതിനും സമീപ പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിരീക്ഷിക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ചുമതല നല്‍കി. മോക്ക് ഡ്രില്ലിന്റെ പ്രവര്‍ത്തനങ്ങളും പ്രതികരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തുന്നതിനായി രണ്ട് നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട പ്രധാന  ആക്‌സിഡന്റ് ഹസാര്‍ഡ് സ്ഥാപനങ്ങളിലൊന്നാണ് ഐ ഒ സി എല്‍. തീപിടിത്തം, സ്‌ഫോടനം, ഇന്ധനച്ചോര്‍ച്ച തുടങ്ങിയ അപകടങ്ങള്‍ സ്ഥാപനത്തിന്റെ പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാകാനിടയുള്ള ഭീഷണി ഫലപ്രദമായി നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഓഫ്-സൈറ്റ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. മോക്ക് ഡ്രില്ലില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും എല്‍ പി ജി സുരക്ഷ, വാതകച്ചോര്‍ച്ചയുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ നടപടികള്‍ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസും നല്‍കും.

  ഐ ഒ സി എല്‍ പ്ലാന്റ് മാനേജര്‍ ഖാജാ മൊയ്തീന്‍, ദുരന്തനിവാരണ അതോറിറ്റി സൂപ്രണ്ട് ഡോ ജി ബിജു, എല്‍ എസ് ജി ഡി എം. പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് മീനു, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ സാബു, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിതിന്‍ തോംസണ്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ ടി കെ ഷബുജന്‍, കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്  എസ്. വിജയന്‍, കല്ലുവാതുക്കല്‍ പഞ്ചായത്ത് സെക്രട്ടറി എന്‍ ആര്‍ ഷീജ മോള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 

date