Skip to main content

കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്ന സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം ഇനി പൂർണമായും ഓൺലൈനിൽ. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ studentssaving.kite.kerala.gov.in പോർട്ടൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം വിളപ്പിൽ ഗവ. എൽ.പി.എസിലെ  വിദ്യാർഥികളായ ഹൃഷികേശ് എ.ആർ., അനിഘ ആർ. സൂരജ്, ഹർഷിത കിരൺ എസ്. എന്നിവർക്ക് മുഖ്യമന്ത്രി ഡിജിറ്റൽ പാസ്ബുക്കിന്റെ പകർപ്പ് വിതരണം ചെയ്തു.

ക്ലാസ് അധ്യാപകർ മുതൽ നാഷണൽ സേവിങ്‌സ് ഡയറക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്ക് പോർട്ടലിൽ ലോഗിൻ ചെയ്യാം. നിക്ഷേപം, പിൻവലിക്കൽ, പലിശ എന്നിവ രേഖപ്പെടുത്തിയ ഡിജിറ്റൽ പാസ്ബുക്ക്, രക്ഷിതാക്കൾക്കുള്ള എസ്.എം.എസ്. അറിയിപ്പ്, ട്രഷറി പേ-ഇൻ സ്ലിപ്പ്, സ്ഥിരനിക്ഷേപ വിവരങ്ങൾ, അക്കൗണ്ട് ക്ലോഷർ വരെയുള്ള എല്ലാ നടപടികളും ഇതിലൂടെ നിർവഹിക്കാം.

സ്‌കൂളുകളിലെ പണമിടപാടുകളും റിപ്പോർട്ടുകളും ഡാഷ്‌ബോർഡുകൾ വഴി ജില്ലാ, സംസ്ഥാന ഓഫീസുകൾക്ക് തത്സമയം ലഭ്യമാകും. സമ്പൂർണ, എച്ച്.എസ്.ക്യാപ്, വി.എച്ച്.എസ്.ക്യാപ് ലോഗിനുകൾ ഉപയോഗിച്ച് സ്‌കൂളുകൾക്ക് പോർട്ടലിൽ പ്രവേശിക്കാം. ചുമതലയുള്ള അധ്യാപകർക്ക് ‘കൈറ്റ് കീ’ ആപ്പ് വഴി ക്യു.ആർ. കോഡ് സ്‌കാൻ ചെയ്തും ലോഗിൻ ചെയ്യാം. എസ്.എം.എസ്. ഒ.ടി.പി. എളുപ്പത്തിൽ ലഭിക്കുന്നതിനും പോർട്ടലിനെ കൈറ്റ് കീ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ചടങ്ങിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്,   കെ.എഫ്.സി. എം.ഡി.  എൻ.എസ്.കെ  ഉമേഷ്, നാഷണൽ സേവിങ്‌സ് വകുപ്പ് ഡയറക്ടർ രേഖ നിക്‌സൺ, അഡീഷണൽ ഡയറക്ടർ പി. അജിത് കുമാർ, ഡെപ്യൂട്ടി ഡയറക്ടർമാരായ സി. ശാലിനി, എം. മഹേഷ്, കൈറ്റ് സൊല്യൂഷൻ ആർക്കിടെക്ട് കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 4872/2026

date