തോട്ടിലേക്ക് മലിനജലം ഒഴുക്കിയ രണ്ട് വീട്ടുകാർക്ക് പിഴ
ജലസ്രോതസ്സുകളിലേക്കുള്ള മാലിന്യ നിക്ഷേപവും മലിനജല ഒഴുക്കും തടയുന്നതിന്റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ 'ഓപ്പറേഷൻ ജലസുരക്ഷ' ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തി. തോട്ടിലേക്ക് പൈപ്പിട്ട് മലിനജലം ഒഴുക്കിയ രണ്ട് വീട്ടുകാർക്ക് പരിശോധനയിൽ പിഴ ചുമത്തി. ജില്ലാതലത്തിൽ ആവിഷ്കരിച്ച ക്യാമ്പയിന്റെ ഭാഗമായി ജോയിന്റ് ഡയറക്ടറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഗ്രാമപഞ്ചായത്തിലെ പുഴകൾ, തോടുകൾ, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പരിശോധനയും എൻഫോഴ്സ്മെന്റ് നടപടികളും ശക്തമാക്കിയത്.
കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 219 എസ് പ്രകാരം നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറി ജി.ടി അഭിലാഷിന്റെ ഉത്തരവിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.വി ജിജി, ക്ലാർക്ക് ഇ.പി അബിൻ, ഓഫീസ് അറ്റൻഡന്റ് കെ. നിഖിൽ നാഥ് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
- Log in to post comments