Skip to main content

ഇക്കുറി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മത്സരം തീപാറും: മന്ത്രി പി സി വിഷ്ണുനാഥ്

*നെഹ്റുട്രോഫി ആഗ്സറ്റിലെ രണ്ടാം ശനിയാഴ്ച്ചയും പ്രസിഡൻസ് ട്രോഫി നവംബർ ഒന്നിനും സ്ഥിരമായി നടത്തും: മന്ത്രി
 
ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും പ്രസിഡൻസ് ട്രോഫി വള്ളംകളിയും നാളെ നവംബർ 21 ഉച്ചയ്ക്ക് രണ്ടു മണിക്ക് അഷ്ടമുടിക്കായലിൽ നടക്കുമെന്നും ഇക്കുറി മത്സരം തീപാറുമെന്നും ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. കെ എസ് ആർ ടി സി ബസ്റ്റാന്റിന് സമീപമുള്ള ഡി ടി പി സി ഫെസിലിറ്റേഷൻ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയുടെ ഇതുവരെയുള്ള മത്സരങ്ങൾ വലിയ ആവേശത്തിലാണ് പൂർത്തിയായത്. മുൻകാലങ്ങളെക്കാൾ വലിയ ജനകീയ പങ്കാളിത്തമാണ് എല്ലാ ജലോത്സവങ്ങളിലും ഉണ്ടായത്. വളരെയധികം സാങ്കേതികത്വം നിറഞ്ഞതാണ്  വള്ളംകളി മത്സരം. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കഴിഞ്ഞ 10 മത്സരങ്ങളും പരാതിരഹിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഒന്ന് രണ്ട് സ്ഥാനങ്ങൾ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി ഫൈനൽ മത്സരം ആവേശോജ്ജ്വലമാവും.
ടൂറിസം മേഖലയ്ക്ക് വള്ളംകളി വലിയ പിന്തുണയും പ്രാധാന്യവും നൽകുന്നുണ്ട്. വിദേശ വിനോദസഞ്ചാരികൾക്ക് അവരുടെ ട്രാവൽ പ്ലാൻ ചെയ്യാനുള്ല സൗകര്യം കൂടി കണക്കിലെടുത്ത് അടുത്ത വർഷം മുതൽ നെഹ്റു ട്രോഫി ജലോത്സവം മുൻപ് നടന്നിരുന്നത് പോലെ ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയും പ്രസിഡൻസ് ട്രോഫി നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിലും സ്ഥിരമായി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.  വള്ളംകളിക്ക് വലിയ സാമ്പത്തിക പിന്തുണയാണ് സർക്കാർ നൽകുന്നത്. സമ്മനത്തുക കൂടാതെ ഏതാണ്ട് ഒരു സീസൺ കളിക്കുന്ന ഒരു ചുണ്ടൻ വള്ളത്തിന് 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ബോണസ് ഇനത്തിൽ ഗവൺമെന്റിൽ നിന്ന് ലഭിക്കും.
കൊല്ലത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്.  ബാക്ക് വാട്ടർ ടൂറിസം, ബീച്ച് ടൂറിസം, അഡ്വഞ്ചർ ടൂറിസം, പിൽഗ്രിമേജ് ടൂറിസം തുടങ്ങിയവയൊക്കെ ജില്ലയിൽ ശക്തിയാർജിക്കുകയാണ്. കൊല്ലത്തിന്റെ സാമ്പത്തിക പുരോഗതി ടൂറിസം സെക്ടറിൽ കൂടിയായിരിക്കും. പരമ്പരാഗത വ്യവസായങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനൊപ്പം ടൂറിസം മേഖലക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.
ഈ വർഷം ജലോത്സവം കൂടുതൽ ആകർഷകമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. സാംസ്കാരിക പരിപാടികളുടെ അവസാന ദിനമായ നാളെ (നവംബർ 20) ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലെ മംഗനിയാര്‍ ഗാര്‍ഡന്‍സില്‍ മത്തായി സുനിലും സംഘവും നയിക്കുന്ന പാട്ടുപുരയും എട്ട് മണിക്ക് കീഴില്ലം ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ലീഗ് സമാപനവും കുറ്റമറ്റ രീതിയിലും ആവേശകരമായും സംഘടിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പത്രസമ്മേളനത്തിൽ വനിത, ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, എൻ കെ പ്രേമചന്ദ്രൻ എംപി, എം എൽ എ വിഷ്ണു മോഹൻ, മേയർ എ കെ ഹഫീസ്, ജില്ലാ കലക്ടർ ആനി ജൂല തോമസ് എന്നിവർ പങ്കെടുത്തു.

 

പ്രസിഡന്റ്സ് ട്രോഫി ജലോത്സവം: നഗരത്തിന് വള്ളംകളി ആവേശം പകർന്ന് വിളംബരജാഥ

കൊല്ലം നഗരത്തിന് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ആവേശം പകർന്ന് വർണാഭമായ വിളംബരജാഥ. പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിന്റെയും പ്രചരണാർത്ഥം സംഘടിപ്പിച്ച വിളംബരജാഥ തൊഴിൽ, വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ ഫ്ലാഗ് ഓഫ് ചെയ്തു. പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര പ്രസിഡന്റ്സ് ട്രോഫി പവലിയനിൽ സമാപിച്ചു. വാദ്യമേളങ്ങളുടെയും സ്കൂൾ ബാൻഡുകളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ആകർഷങ്ങളായ ദൃശ്യാവിഷ്‌കാരങ്ങളും അരങ്ങേറി. ചെണ്ടമേളം, കാവടി, തെയ്യം കലാരൂപങ്ങൾ എന്നിവ ജാഥക്ക് മാറ്റേകി.  ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ വിളംബരജാഥയിൽ   സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻഎസ്എസ്, എൻ സിസി, എസ്പിസി, കുടുംബശ്രീ, സ്‌കൂൾ ബാൻഡുകൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ അണിനിരന്നു.

‘ഗ്ലോബൽ ഡെസ്റ്റിനേഷൻ’ പദ്ധതിയിലേക്ക് സംസ്ഥാനത്ത് നിന്ന് നി‌ർദേശിച്ചത് കൊല്ലം ജില്ലയെ: മന്ത്രി  പി സി വിഷ്ണുനാഥ്

ഒരു സംസ്ഥാനത്തെ ഒരു ഡെസ്റ്റിനേഷൻ ഗ്ലോബൽ ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിലേക്ക് ജില്ലയിലെ അഷ്ടമുടിയെ സംസ്ഥാനസർക്കാർ നിർദേശിച്ചതായി   ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിന്റെയും പ്രചരണാർത്ഥം സംഘടിപ്പിച്ച വിളംബരം ജാഥയുടെ സമാപന സമ്മേളനം ഡി ടി.പി.സി ഫെസിലിറ്റേഷൻ സെന്ററിന് സമീപത്തെ വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘അഷ്ടമുടി ആർക്ക്’ എന്ന പേരിൽ ഗ്ലോബൽ ഡെസ്റ്റിനേഷൻ പദ്ധതി തയ്യാറാക്കി പ്രാഥമിക പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ, വനിത, ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയായി. ജില്ലയുടെ സാംസ്കാരിക പൈതൃകത്തിനും വിനോദസഞ്ചാര സാധ്യതകൾക്കും കൂടുതൽ പ്രചാരം നൽകുകയും കൊല്ലത്തെ ആഗോള ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമായ ഇടമാക്കി മാറ്റുകയും ചെയ്യുന്ന തരത്തിലുള്ള പരിപാടികളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎ  വിഷ്ണു മോഹൻ, മേയർ
എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ.ആർ ലതാ ദേവി,  ജില്ലാ കലക്ടർ ആനി ജൂലാ തോമസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയ സുകുമാരൻ, വിവിധ കമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date