Skip to main content

കായികമേളകൾ ഭാവിയിലെ കായിക താരങ്ങളെ വാർത്തെടുക്കുന്ന വേദികൾ: മന്ത്രി രമേശ് ചെന്നിത്തല

* ‘കളിക്കളം 2026’ കായികമേളയ്ക്ക് കൊടിയേറി

കായികമേളകൾ വെറും മത്സരവേദികളല്ലെന്നും ഭാവിയിലെ ഒളിമ്പ്യന്മാരെ വാർത്തെടുക്കുന്ന വേദികളാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പ്രതിഭകൾക്ക് അവസരങ്ങൾ ലഭിക്കുമ്പോഴാണ് വിസ്മയങ്ങൾ തീർക്കാൻ കഴിയുന്നതെന്നും കായികരംഗത്ത് മികവ് തെളിയിക്കാൻ വിദ്യാർഥികൾ ഇത്തരം വേദികൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല എം.ആർ.എസ് ആൻഡ് ഹോസ്റ്റൽ കായികമേളയായ ‘കളിക്കളം 2026’ തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 113 ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്ക് കഴിവുകൾ തെളിയിക്കാനുള്ള അവസരമാണ് കായികമേളയിലൂടെ ലഭിക്കുന്നത്. ലഹരിമുക്ത യുവതലമുറയെ വാർത്തെടുക്കാൻ ‘കായിക ലഹരിയാണ് യഥാർഥ ലഹരി’ എന്ന സന്ദേശം ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പട്ടികജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ, പട്ടികജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ്  സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ, പിന്നാക്ക ക്ഷേമ വകുപ്പ് ഡയറക്ടർ രഞ്ജിത്ത് ടി, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. സദാനന്ദൻ സി.എസ്, കൗൺസിലർ സന്ധ്യ റാണി എസ്.എസ്, മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ്, പട്ടികവർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4895/2026

date