കുഞ്ഞുങ്ങളുടെ ആരോഗ്യത്തിലാണ് നാടിന്റെ ഭാവി; കൊടിക്കുന്നിൽ സുരേഷ് എം.പി പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിലാണ് നമ്മുടെ നാടിന്റെ ഭാവിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അതിഥി തൊഴിലാളികളുടെ കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പടക്കമുള്ള ആരോഗ്യകാര്യങ്ങളിൽ നാം പ്രത്യേക ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സബ് നാഷണൽ ഇമ്മ്യൂണൈസേഷൻ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും നവംബർ 22-ന് പോളിയോ തുള്ളിമരുന്ന് നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവേലിക്കര നഗരസഭ അധ്യക്ഷ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ പ്രിൻസിപ്പൽ ഡോ. ബിബിൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സന്ദേശവും പോസ്റ്റർ പ്രകാശനവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.വി വിദ്യ നിർവഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ലൈജു ദിന സന്ദേശം നൽകി.
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എസ്.ആർ ദിലീപ് കുമാർ , ഡോ. ലക്ഷ്മി കൃഷ്ണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ ജിതേഷ് , ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് അനിത, ഡോ. ഐ ചിത്ര തുടങ്ങിയവർ പങ്കെടുത്തു. ബോധവൽക്കരണ പോസ്റ്റർ പ്രദർശനം, സെൽഫി കോർണർ, സി-മെറ്റ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.
- Log in to post comments