വിതുര ഗോത്രവർഗ്ഗ ഉന്നതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി
വിതുര പഞ്ചായത്തിലെ തലത്തുതക്കാവ്, കല്ലംകുടി, നെട്ടയം എന്നീ ഗോത്രവർഗ്ഗ ഉന്നതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ അംഗം സബിതാ ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
തലത്തുതക്കാവ് ഗവ.ട്രൈബൽ സ്കൂളിലെത്തിയ സംഘം അധ്യാപകരുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയും കുട്ടികൾക്ക് ഉച്ചഭക്ഷണവും പോഷകാഹാരങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
പ്രദേശത്തെ എസ്.ടി പ്രമോട്ടർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുമായി കമ്മീഷൻ ചർച്ച നടത്തി. പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ ഉന്നതി നിവാസികൾ നേരിടുന്ന യാത്രാക്ലേശം പ്രദേശവാസികൾ കമ്മീഷന് മുന്നിൽ അവതരിപ്പിച്ചു. ഇതിന് പരിഹാരമായി മേഖലയിൽ സഞ്ചരിക്കുന്ന റേഷൻ കട ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സബിതാ ബീഗം ഉറപ്പുനൽകി. പ്രദേശവാസികളുടെ റേഷൻ കാർഡ് സംബന്ധമായ പരാതികൾ അടിയന്തരമായി പരിഹരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ, ഊരുമൂപ്പൻ എന്നിവരുമായും കമ്മീഷൻ സംസാരിച്ചു.
പാലോട് റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം, പാലോട് ഉപജില്ലാ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും കമ്മീഷൻ അംഗത്തോടൊപ്പം ഉണ്ടായിരുന്നു.
- Log in to post comments