Skip to main content

ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ഒ ജെ ജനീഷ്

ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുരാരേഖ- പുരാവസ്തു വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. മ്യൂസിയം മൃഗശാല വകുപ്പ് സംഘടിപ്പിച്ച പൈതൃക വാരാഘോഷം സമാപന സമ്മേളനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചരിത്രസ്മാരകങ്ങളും പുരാരേഖകളും ലിപികളും മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കപ്പെടണം. ചരിത്രസ്മാരകങ്ങളുടെ വിവരങ്ങളെല്ലാം ഉൾകൊള്ളുന്ന ഡിജിറ്റൽ സംവിധാനം ആവശ്യമാണ്. ലോകത്തിന്റെ വിവിധ കോണുകളിലെ വിവരങ്ങൾ സമൂഹികമാധ്യമങ്ങളിലൂടെ അറിയാനാകും. എന്നാൽ സമീപ പ്രദേശത്തെ ചരിത്രസ്മാരകങ്ങളെ സംബന്ധിച്ചും അതിന്റെ പിന്നിലെ വസ്തുതകളെക്കുറിച്ചും സാധാരണക്കാർക്ക് അറിയണമെന്നില്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ച് അവിടെയുള്ള ചരിത്രസ്മാരകങ്ങളെയും കൈമാറപ്പെട്ട വിവരങ്ങളെയും സംബന്ധിച്ച് കൃത്യമായ ഡോക്യുമെന്റേഷൻ ആവശ്യമാണ്.

പൈതൃകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്തണം. പൈതൃകം എന്നത്  മുൻതലമുറ കൈമാറി നൽകുന്നത് മാത്രമല്ല, വരും തലമുറയ്ക്ക് തിരിച്ച് നൽകേണ്ടതുമാണ്.  നിരവധി പുരാതന സ്മാരകങ്ങളും ലിപികളും രേഖകളുമുള്ള പ്രദേശമാണ് കേരളം. ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ പലതും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം മേഖലകളിൽ കൂടുതൽ അന്വേഷണം നടത്തി അവയെ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും നമ്മൾ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ് അധ്യക്ഷനായി. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ പി എസ് മഞ്ജുളാദേവി, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടർ എസ് പാർവതി, ആർട്ട് മ്യൂസിയം ആൻഡ് ആർട്ട് ഗാലറി സൂപ്രണ്ട് ഇൻ ചാർജ് ആർ ഗിരീഷ് കുമാർ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് വി രാജേഷ് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4979/2026

date