Skip to main content

കളിക്കളത്തിൽ തിളങ്ങി എം.ആർ.എസ്. ചാലക്കുടി

കളിക്കളം 2026 കായികമേളയിൽ മികച്ച പ്രകടനവുമായി എം.ആർ.എസ്. ചാലക്കുടി. പരിശീലനത്തിലൂടെ നേടിയ അനുഭവസമ്പത്തും കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി മത്സരത്തിനെത്തിയ 39 വിദ്യാർത്ഥികളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് എം.ആർ.എസ്. ചാലക്കുടി മികവ് തെളിയിച്ചത്.

യു.പി. കിഡ്ഡീസ് വിഭാഗത്തിൽ ആദ്യമായി പങ്കെടുത്ത അഭീന മഹേന്ദ്രൻ ലോങ് ജമ്പിൽ മൂന്നാം സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ ശാലു മനു 400 മീറ്ററിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ജൂനിയർ വിഭാഗത്തിൽ ജി.പി. അശ്വനി മികച്ച പ്രകടനം കാഴ്ചവെച്ചു. 400 മീറ്റർ, ട്രിപ്പിൾ ജമ്പ്, ലോങ് ജമ്പ്, 4×100 മീറ്റർ റിലേ, 4×400 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ അശ്വനി ഒന്നാം സ്ഥാനം നേടി. 800 മീറ്ററിൽ ജെ. സജിത മൂന്നാം സ്ഥാനം നേടി. റിലേ മത്സരങ്ങളിൽ വൈ. സാന്ദ്ര, ജി.പി. അശ്വനി, വിഷ്ണുപ്രിയ, ജെ. സജിത എന്നിവർ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയ ജി.പി. അശ്വനി കളിക്കളം 2026-ലെ വ്യക്തിഗത ചാമ്പ്യനായി.

നീന്തൽ മത്സരങ്ങളിലും എം.ആർ.എസ്. ചാലക്കുടി ആധിപത്യം പുലർത്തി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പി. പ്രിജിത (100 മീറ്റർ ഫ്രീസ്റ്റൈൽ), പി.കെ. അഭിരാമി (50 മീറ്റർ ഫ്രീസ്റ്റൈൽ), എം. ആതിര (100 മീറ്റർ ഫ്രീസ്റ്റൈൽ) എന്നിവർ ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ഹൃദ്യ ഹരിമോൻ 50 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ടാം സ്ഥാനം നേടിയതോടെ നീന്തൽ ചാമ്പ്യൻഷിപ്പും എം.ആർ.എസ്. ചാലക്കുടി സ്വന്തമാക്കി.

ആർച്ചറി മത്സരത്തിൽ പരിചയസമ്പന്നയായ സി.കെ. കീർത്തന 30, 40 മീറ്റർ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗം അത്‌ലറ്റിക്സിൽ കെ.പി. അനന്യയുടെ പ്രകടനവും ശ്രദ്ധേയമായി. 100 മീറ്ററിലും ലോങ് ജമ്പിലും ഒന്നാം സ്ഥാനം നേടിയ അനന്യ കളിക്കളം 2026-ലെ വേഗറാണിയായി തിരഞ്ഞെടുക്കപ്പെട്ടു.

ടീം ഇനങ്ങളിലും എം.ആർ.എസ്. ചാലക്കുടിയുടെ പോരാട്ടവീര്യം പ്രകടമായി. കബഡിയിൽ ഫൈനലിലെത്തിയ ടീമിന് ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും, ഖോ-ഖോയിൽ ശക്തരായ കാസർഗോഡ്, അട്ടപ്പാടി ടീമുകളെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ എം.ആർ.എസ്. ചാലക്കുടി കലാശപ്പോരാട്ടത്തിൽ ഇടുക്കി ടീമിനെയും മറികടന്ന് ഒന്നാം സ്ഥാനം നേടി.

വ്യക്തിഗത മികവിനൊപ്പം കൂട്ടായ പരിശ്രമവും ഒത്തൊരുമയും ചേർന്നപ്പോൾ കളിക്കളം 2026 എം.ആർ.എസ്. ചാലക്കുടിക്ക് അഭിമാനകരമായ നേട്ടമായി. ഓവറോൾ ട്രോഫി ലക്ഷ്യമാക്കി കൂടുതൽ കരുത്തോടെ മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് ഈ കായികപ്രതിഭകൾ.

 

date