24000 കടന്ന് തുല്യതാ രജിസ്ട്രേഷൻ: സംസ്ഥാന പ്രവേശനോത്സവം മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ തുല്യതാ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല പ്രവേശനോത്സവം നവംബർ 29-ന് തിരൂർ തുഞ്ചൻപറമ്പിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പുതിയ അധ്യയനവർഷത്തിൽ തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷനിൽ കഴിഞ്ഞ വർഷത്തേക്കാൾ 2,500-ഓളം പഠിതാക്കളുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24,000-ലധികം പഠിതാക്കളാണ് ഇത്തവണ തുല്യതാക്ലാസ്സുകളിലേക്ക് പഠനം പുനരാരംഭിക്കുന്നതിനായി എത്തുന്നത്. പ്രവേശനോത്സവത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ലോക്സഭാംഗം ഡോ. എം.പി. അബ്ദുസമദ് സമദാനി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
വിവിധ ജീവിതസാഹചര്യങ്ങൾ മൂലം ഔപചാരിക വിദ്യാഭ്യാസം തുടരാൻ കഴിയാതിരുന്നവർക്ക് വീണ്ടും പഠനത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ തുല്യതാ വിദ്യാഭ്യാസ പദ്ധതി ഒരുക്കുന്നത്. പുതിയ അധ്യയനവർഷത്തിൽ തുല്യതാ കോഴ്സുകളിലേക്ക് കൂടുതൽ പഠിതാക്കളെ എത്തിക്കുന്നതിനായി സംസ്ഥാനത്തുടനീളം വിപുലമായ ബോധവൽക്കരണ-പ്രവേശന ക്യാമ്പയിനുകളാണ് സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെയും സന്നദ്ധപ്രവർത്തകരെയും സാക്ഷരതാ പ്രവർത്തകരെയും ഏകോപിപ്പിച്ച് നടത്തിയ സംഘടിത പ്രവർത്തനങ്ങൾക്കും ഇതിൽ നിർണായക പങ്കുണ്ട്. പഠനാവസരങ്ങൾ നഷ്ടപ്പെട്ടവരെ കണ്ടെത്തി തുല്യതാ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുകയും കോഴ്സുകളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ ഫലമായാണ് ഇത്തവണ രജിസ്ട്രേഷനിൽ വർധന കൈവരിക്കാനായത്. ഔപചാരിക വിദ്യാഭ്യാസത്തിന് വ്യത്യസ്ത കാരണങ്ങളാൽ അവസരം ലഭിക്കാതെപോയ വീട്ടമ്മമാർ, വിവിധ തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് തുല്യതാ കോഴ്സുകളിലൂടെ വിദ്യാഭ്യാസം തുടരാൻ മുന്നോട്ടുവരുന്നത്.
മലപ്പുറം ജില്ലയിൽ ഉന്നത വിജയം നേടിയ തുല്യതാ പഠിതാക്കളെ പ്രവേശനോത്സവ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി അനുമോദിക്കും. നഗരസഭാ ചെയർപേഴ്സൺ ഇബ്രാഹിം ഹാജി കീഴേടത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അസ്ലു, നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശേരി, തിരൂർ നഗരസഭ കൗൺസിലർ അഡ്വ. വി. ചന്ദ്രശേഖരൻ, കേരളം സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ. പി., സാക്ഷരതാമിഷൻ ജോയിന്റ് ഡയറക്ടർ പ്രൊഫ. ആർ. ശശികുമാർ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. രശ്മി ജി, മുഹമ്മദ് ഫവാസ് കെ., മലപ്പുറം ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ അബ്ദുൽ റഷീദ് ചോല, സാക്ഷരതാപ്രവർത്തകർ, പഠിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്സ്. 4987/2026
- Log in to post comments